Thursday, May 23, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര -03|റിപ്പബ്ലിക്കായ ഇന്ത്യയും കാശ്മീരിൻ്റെ 370ഉം | സിപി കുട്ടനാടൻ

മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട് നടന്ന പോലീസിൻ്റെ റെയ്ഡുകളിലും അന്വേഷണങ്ങളിലും ആർ‌എസ്‌എസിനെതിരെ യാതൊരു തെളിവും ലഭിയ്ക്കാത്തതിനാൽ ആരോപണങ്ങളും നിരോധനവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 1948 സെപ്റ്റംബർ 24ന് ഗോൽ‌വാൾക്കർ പട്ടേലിനും – നെഹ്രുവിനും കത്തെഴുതി.

ഗോൾവാൾക്കർ, ഭരണകൂടത്തിനെഴുതിയ ഈ കത്തിന് മറുപടിയൊന്നുമില്ലാതായപ്പോൾ മദ്രാസിലെ മുൻ അഡ്വക്കേറ്റ് ജനറലും സെർവൻ്റസ് ഓഫ് ഇന്ത്യ സൊസൈറ്റി മേധാവിയുമായ വെങ്കട്ട ശാസ്ത്രി ഇതിൽ ഇടപെടാൻ തീരുമാനിച്ചു. തെളിവുകളില്ലാത്ത നിരോധനം ഇന്ത്യൻ ഭരണഘടന പ്രകാരം ഭരണഘടനാ വിരുദ്ധമാകുമെന്ന് അദ്ദേഹം ദി ഹിന്ദു പത്രത്തിൽ ലേഖനമെഴുതി. അതിനെത്തുടർന്ന് 1949 ജൂലൈ 11ന് നിരുപാധികം നിരോധനം നീക്കി ആർഎസ്എസിനെ നിയമപരമായ സംഘടനയായി കണക്കാക്കി

1949 നവംബർ 15ന് ഹരിയാനയിലെ അംബാല സെൻട്രൽ ജയിലിൽ നാഥുറാം വിനായക് ഗോഡ്സെ തൂക്കിലേറ്റപ്പെട്ടു. ചിത്പാവൻ ബ്രാഹ്മണൻ ചെയ്ത ബ്രഹ്മഹത്യയ്ക്ക് തൂക്കുകയറായിരുന്നു ഇന്ത്യൻ നീതിപുസ്തകം നൽകിയത്. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വധശിക്ഷ നടപ്പായി. അഹിംസയ്ക്കു വേണ്ടി നിലകൊണ്ട ഗാന്ധിജിയെ കൊന്നവനെ ഇന്ത്യ ഹിംസിച്ചു.

കേന്ദ്ര ക്യാബിനറ്റിലെ സംസ്ഥാനകാര്യ മന്ത്രിയായിരുന്ന വി.പി. മേനോനുമായി നടന്ന ചർച്ചയ്ക്ക് ശേഷം ചിത്തിര തിരുനാൾ മഹാരാജാവ് 1949ൽ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനുമായി ലയിപ്പിക്കാൻ സമ്മതിച്ചു.

1950 ജനുവരി 25ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്‌ഥാപിതമായി. ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള ചുമതല ഈ കമ്മീഷനിൽ നിക്ഷിപ്തമാക്കിക്കൊണ്ട് ഭരണഘടനയുടെ 324–ാം വകുപ്പ് ശക്തമായി നിലകൊള്ളുന്നു. 1935ൽ ബ്രിട്ടീഷുകാർ പാസ്സാക്കിയിരുന്ന ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ടിനെ പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നു. ഇന്ത്യ റിപ്പബ്ലിക്കായി. മൂന്നാം ലോകരാജ്യം എന്നറിയപ്പെട്ടിരുന്ന നാടിന് സ്വന്തം ഭരണം നടത്താനാകുമെന്ന ആദ്യത്തെ പ്രഖ്യാപനമായി അത്. 1950 മാർച്ച് 21ന് ഇന്ത്യയുടെ ആദ്യത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി സുകുമാർ സെൻ നിയമിതനായി.

1950ൽ ഭരണഘടന നിലവിൽ വന്നപ്പോൾ, ഉപാധികളില്ലാതെ ഇന്ത്യൻ യൂണിയനിൽ ലയിച്ച കാശ്മീരിന്, ഷേഖ് അബ്ദുല്ലയുടെ താത്പര്യത്തിന് വഴങ്ങി ഇന്ത്യൻ ഭരണഘടനയിൽ 370, 35എ എന്നീ വകുപ്പുകൾ നെറ്റിപ്പട്ടമായി നെഹ്‌റു ചാർത്തി നൽകി അതോടെ ഇന്ത്യൻ ഭരണഘടന അനുസരിയ്ക്കേണ്ട യാതൊരു ബാധ്യതയുമില്ലാത്ത വിദേശ മണ്ണുപോലെയായി കശ്മീർ. ഇന്ത്യക്കാരന് ആ മണ്ണിൽ യാതൊരാവകാശവുമില്ലാതായി.

ഈ വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്‍റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ കശ്മീർ സർക്കാരിൻ്റെ അംഗീകാരം ആവശ്യമാണ്. കശ്മീരിലെ ഭരണാധികാരിയ്ക്ക് കശ്മീർ പ്രധാനമന്ത്രി എന്ന സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്.

കശ്മീരിന് സ്വന്തന്ത്രമായി ഒരു നിയമ നിര്‍മ്മാണസഭ ഉണ്ടാകുന്നതാണെന്നും അത് സംസ്ഥാനത്തിന്‍റെ ആന്തരീക ഭരണഘടന നിശ്ചയിക്കും എന്നുമായിരുന്നു അന്ന് കോൺഗ്രസ്സ് കൊടുത്ത 370ൻ്റെ അന്തസത്ത. ചുരുക്കത്തിൽ ആഭ്യന്തരമായി യാതൊരധികാരവും കാശ്മീരിന് മേൽ ഇന്ത്യയ്ക്കില്ല. ഈ ചതി ഇന്ത്യൻ ജനതയോട് ചെയ്ത കോൺഗ്രസ്സ് എത്രമാത്രം കുടിലമായിരുന്നു എന്ന് നാം മനസിലാക്കണം.

കശ്മീർ താഴ്വര മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാൽ സ്വാഭാവികമായി ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്കും ഇസ്ലാമിക ഭീകരവാദത്തിനും വഴിപ്പെട്ട് ക്രമേണ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക്തന്നെ ഭീഷണിയായി.

കാശ്മീരിന് 370 വകുപ്പ് നൽകി അന്യവത്കരിച്ചതിനെതിരെ ആർഎസ്എസും ഹിന്ദുമഹാസഭയും രംഗത്തെത്തി. ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ സമരപരിപാടികൾ നടത്തപ്പെട്ടു. “ഹിന്ദുസ്ഥാൻ മേ ദോ വിധാൻ ദോ പ്രധാൻ നഹി ചലേഗാ നഹി ചലേഗാ” (ഭാരതത്തിൽ രണ്ട് ഭരണഘടനയും രണ്ട് പ്രധാനമന്ത്രിമാരും ഉണ്ടാവാൻ പാടില്ല) എന്ന മുദ്രാവാക്യവുമായി സമരം ചെയ്ത ആർഎസ്എസിനെ അടിച്ചമർത്താൻ കോൺഗ്രസ്സ് ശ്രമിച്ചു. നെഹ്രുവിൻ്റെ വഴിവിട്ട ബന്ധമായിരുന്ന ഷേഖ് അബ്ദുല്ലയുടെ താത്പര്യ പ്രകാരം കാശ്മീരിൽ ഹിതപരിശോധന നടത്താൻ നെഹ്‌റു ഒരുമ്പെട്ടു.

ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാനായി അന്ധമായി പെരുമാറിയ നെഹ്രുവിൻ്റെ മണ്ടത്തരം തിരിച്ചടിച്ച സന്ദർഭം ഇതേ കാലയളവിലുണ്ടായി. 1950 ഒക്ടോബർ 21ന് വടക്കു കിഴക്ക് ലഡാക്ക് അതിർത്തിയിൽ 20 അംഗ ഇന്ത്യൻ പൊലീസ് സേനയെ അപ്രതീക്ഷിതമായി ചൈനീസ് പട്ടാളം ആക്രമിച്ചു. 17 പൊലീസുകാരെ കൊന്നുകളഞ്ഞു. ഇതിൻ്റെ സ്മരണാർത്ഥമാണ് ദേശീയ പോലീസ് ദിനമായി ഒക്ടോബർ 21നെ ആചരിയ്ക്കുന്നത്.

1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെയുള്ള 4 മാസങ്ങൾ നീണ്ട പ്രയത്നത്തിൽ സ്വതന്ത്ര ജനാധിപത്യ ഇന്ത്യയുടെ പ്രഥമ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ലോക്സഭയിലെ 499 സീറ്റുകളിൽ 489 സീറ്റിലേക്കായിരുന്നു ആദ്യ തിരഞ്ഞെടുപ്പ്. 10 സീറ്റിലേക്ക് എതിർ സ്ഥാനാർത്ഥികൾ ഇല്ലാതിരുന്നതിനാൽ മത്സരം 479 സീറ്റുകളിലൊതുങ്ങി. ശ്യാം ശരൺ നേഗി എന്ന ഹിമാചൽ പ്രദേശുകാരനാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടു ചെയ്ത പൗരൻ. ഇന്ത്യയിലെ 34.8 കോടി ജനസംഖ്യയിൽ 17.32 കോടി പൗരന്മാർക്കാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ ഇടംപിടിയ്ക്കാൻ സാധിച്ചത്. അന്നത്തെ ഇന്ത്യയിലെ സാക്ഷരത സാക്ഷരത 16.6 % മാത്രമായിരുന്നു.

പ്രതീക്ഷിച്ചതുപോലെ തന്നെ കോൺഗ്രസ്സിൻ്റെ വിജയമായിരുന്നു തെരഞ്ഞെടുപ്പുഫലം. 489 സീറ്റുകളിൽ 364ഉം നേടി 45% വോട്ടും സമാഹരിച്ചായിരുന്നു ജവഹർലാൽ നെഹ്രുവിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് ജയിച്ചത്. അങ്ങനെ ഇന്ത്യയിലെ പൊതുജനം തിരഞ്ഞെടുത്ത പ്രഥമ പ്രധാനമന്ത്രിയായി നെഹ്‌റു ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി.

1952 മേയ് 6ന് ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആകെ 5 പേർ മത്സരിച്ചു. ഉപരാഷ്ട്രപതിയായി ഡോ. എസ്. രാധാകൃഷ്ണൻ ഏപ്രിൽ 25ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഈ തിരഞ്ഞെടുപ്പുകളെല്ലാം ഇലക്ഷൻ കമ്മീഷൻ്റെ ചുമതലയിലാണ് നടന്നത്. അന്ന് ‘കൗൺസിൽ ഓഫ് സ്റ്റേറ്റ്സ്’, ‘ഹൗസ് ഓഫ് ദ് പീപ്പിൾ’ എന്നാണ് രാജ്യസഭയും ലോക്സഭയും അറിയപ്പെട്ടിരുന്നത്.

തുടരും……

Related Articles

Latest Articles