Thursday, May 2, 2024
spot_img

കേരളാ കോൺഗ്രസ് ബിയുടെ ആവശ്യം തള്ളി സിപിഎം !സിനിമാ വകുപ്പ് ഗണേശ് കുമാറിന് നൽകില്ല ! ലഭിക്കുക ഗതാഗത വകുപ്പും ആന്റണി രാജു ഉപയോഗിച്ച ഓഫീസും

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിസഭയിലെത്തുന്ന കെ ബി ഗണേശ് കുമാറിന് സിനിമാ വകുപ്പ് കൂടി നൽകണമെന്ന കേരളാ കോൺഗ്രസ് ബിയുടെ ആവശ്യം തള്ളി സിപിഎം. ഇതോടെ ഗതാഗത വകുപ്പ് മാത്രമാകും ഗണേശിന് ലഭിക്കുക . സിനിമാ വകുപ്പ് നൽകില്ലെന്ന കാര്യം ഗണേശ്‌ കുമാറിനെ മുഖ്യമന്ത്രി അറിയിച്ചു. കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ – പുരാവസ്തു വകുപ്പാകും നൽകുക. സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകില്ല. എന്നാൽ സിപിഐയ്ക്ക് അനുവദിച്ച വകുപ്പുകളിൽ സിപിഐ മന്ത്രിമാർക്ക് വകുപ്പ് മാറ്റം വേണമെന്ന് ആവശ്യപ്പെട്ടാൽ അത് ചെയ്തു കൊടുക്കുകയും ചെയ്യും. സിനിമാ വകുപ്പിൽ സജി ചെറിയാനും ദേവസ്വം ബോർഡിൽ കെ രാധാകൃഷ്ണൻ മന്ത്രിമാരായി തുടരും. സജി ചെറിയാനും രാധാകൃഷ്ണനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗങ്ങളാണ്.

ഇന്ന് വൈകുന്നേരം നാലുമണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ കെ.ബി. ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ച ഒഴിവിലേക്കാണ് രണ്ടുപേരും മന്ത്രിമാരായി എത്തുന്നത്. ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫിസ് ഗണേശ്‌കുമാറിന് നൽകും.അഹമ്മദ് ദേവർകോവിലിന്റെ ഓഫീസാണ് കടന്നപ്പള്ളി രാമചന്ദ്രന് നൽകുന്നത്. കടന്നപ്പള്ളി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്നതും ഇതേ ഓഫിസ് തന്നെയാണ്.

22 വർഷം മുൻപ് അച്ഛൻ ആർ.ബാലകൃഷ്ണപിള്ളയുടെ പകരക്കാരനായാണ് ഗണേഷ് ആദ്യമായി മന്ത്രിക്കസേരയിലെത്തിയത്. 22 മാസത്തിനു ശേഷം, പിന്നീട് കുറ്റവിമുക്തനായ അച്ഛനു വേണ്ടി സ്ഥാനമൊഴിഞ്ഞു. 2001ലാണ് കേരള കോൺഗ്രസ് (ബി) സ്ഥാനാർത്ഥിയായി ഗണേഷ് പത്തനാപുരത്തു മത്സരിക്കുന്നത്. 5 തവണ പത്തനാപുരത്തെ പ്രതിനിധീകരിച്ചു. ആന്റണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വനം, സിനിമ മന്ത്രിയായും മന്ത്രിസഭയിലെത്തി.

1980ൽ ഇരിക്കൂറിൽനിന്ന് അനുകൂല ജനവിധി നേടിയ രാമചന്ദ്രൻ കടന്നപ്പള്ളി ആദ്യമായി മന്ത്രിയായത് 29 വർഷങ്ങൾക്കു ശേഷമാണ്. വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ ദേവസ്വം വകുപ്പ് നൽകി കടന്നപ്പള്ളിയെ മന്ത്രിസഭയിലെടുത്തു. 2016ൽ പിണറായി മന്ത്രിസഭയിൽ മന്ത്രി സ്ഥാനം ലഭിച്ചു.

Related Articles

Latest Articles