Saturday, April 27, 2024
spot_img

“ഒമിക്രോണും കോവിഡും സഖാക്കളെ മാത്രം ബാധിക്കില്ല”; രണ്ട് ജില്ലകളിൽ പാർട്ടി സമ്മേളനങ്ങൾ പൊടിപൊടിക്കാൻ സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ പ്രതികൂല സാഹചര്യത്തിലും പാർട്ടി ജില്ലാ സമ്മേളനങ്ങൾ (CPM Session In Kerala) നടത്താനൊരുങ്ങുകയാണ് സിപിഎം. കാസർകോടും, തൃശൂരും ഇന്ന് സമ്മേളനം ആരംഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിനിധികളെ സംഘടിപ്പിച്ച് സമ്മേളനം നടത്താൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്. കാസർകോട് പാർട്ടി കോട്ടയായ മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസത്തെ സമ്മേളനം നടക്കുക. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. എന്നാൽ ഇതിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. ഒമിക്രോണും കോവിഡും സഖാക്കളെ മാത്രം ബാധിക്കില്ലേ എന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന പ്രധാന ചോദ്യം.

അതേസമയം 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മുൻ എംഎൽഎ പി ജയരാജൻ, മന്ത്രി എംവി ഗോവിന്ദൻ, പികെ ശ്രീമതി, മുൻ മന്ത്രി കെകെ ശൈലജ, ആനത്തലവട്ടം ആനന്ദൻ , ടി പി രാമകൃഷ്ണൻ, പി കരുണാകരൻ തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. അഞ്ഞൂറിലധികം പേർക്കിരിക്കാവുന്ന ഹാളിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. വിവിധ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുഴുവൻ സമയവും പങ്കെടുക്കും. അതോടൊപ്പം തൃശൂരിലും ഇന്ന് പാർട്ടി സമ്മേളനം ആരംഭിക്കും. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രതിനിധി സമ്മേളനം നടക്കുക.

കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും 175 പേരെ പങ്കെടുപ്പിച്ച് പ്രതിനിധി സമ്മേളനം നടത്താനാണ് തീരുമാനം. അതേസമയം കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ലോകത്തെ കൊവിഡ് കണക്കുകളില്‍ വലിയൊരു ശതമാനം ഇന്ത്യയില്‍ നിന്നുള്ളതാണ്. 7.9ശതമാനത്തില്‍ നിന്ന് 18.4 ശതമാനമായാണ് ഈ നിരക്ക് കുതിച്ചുയര്‍ന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യക്തമാക്കി. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് നിലവില്‍ കോവിഡ് രൂക്ഷമായി വ്യാപിക്കുന്നത്.

Related Articles

Latest Articles