Thursday, May 2, 2024
spot_img

ശബരിമലയിലെ തിരക്ക്; ദേവസ്വം മന്ത്രി ഇന്ന് സന്നിധാനത്ത്, ഉന്നതതലയോഗം ചേരും,ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

പത്തനംതിട്ട- ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് സന്നിധാനത്ത് എത്തും. ശബരിമല തന്ത്രി ഉള്‍പ്പടെയുള്ളവരെ മന്ത്രി കാണും. സന്നിധാനത്ത് മന്ത്രി ഉന്നതതല യോഗവും വിളിച്ചിട്ടുണ്ട്. എം.എല്‍.എമാര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ്, അംഗങ്ങള്‍, സ്‌പെഷ്യല്‍ സെക്രട്ടറി മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഈ യോഗത്തിലാണ് സുരക്ഷാക്രമീകരണങ്ങളടക്കം വിലയിരുത്തുന്നത്. ഭക്തര്‍ സ്വയം നിയന്ത്രിക്കണമെന്നും ശബരിമലയിലെ തിരക്ക് സ്വാഭാവികമാണെന്നുമാണ് ദേവസ്വം മന്ത്രി പ്രതികരിച്ചത്.

അതേസമയം, ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിലെ സ്ഥിതി സംബന്ധിച്ച് സുരക്ഷാ ചുമതലയുള്ള എ.ഡി.ജി.പി വിശദീകരണം നല്‍കും. നിലക്കലില്‍ കൂടുതല്‍ പാര്‍ക്കിങ് സ്ഥലം അനുവദിക്കുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും നിലപാട് അറിയിക്കും. വെര്‍ച്വല്‍ക്യു ബുക്കിങ് 80000 ത്തിലേക്ക് എത്തുന്ന ദിവസങ്ങളില്‍ സ്‌പോട്ട് ബുക്കിങ് പതിനായിരമായി നിജപ്പെടുത്താനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. ക്യൂകോംപ്ലക്‌സിലും തീര്‍ഥാടകര്‍ക്കുള്ള ഷെഡിലും അനുവദനീയമായ ആളുകളില്‍ കൂടുതല്‍ ഉണ്ടാകരുതെന്നും സ്ഥലങ്ങളില്‍ ശുചിത്വമുണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഇതിനിടെ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറായി കെ.സുദര്‍ശന്‍ ഐ.പി.എസ് ഇന്ന് ചുമതലയേല്‍ക്കും. പമ്പയില്‍ മധുസൂദനനും നിലയ്ക്കലില്‍ കെ.വി.സന്തോഷുമാണ് പുതിയ സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍. മണിക്കൂറുകളോളമാണ് തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനായി കാത്തു നില്‍ക്കേണ്ടി വരുന്നത്. തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം അടക്കം ലഭിച്ചില്ലെന്ന പരാതികളും ഉയര്‍ന്നിരുന്നു. ഇതിനിടെ പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെ.എസ്ആര്‍.ടി.സി സര്‍വീസ് നടക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധം നടന്നിരുന്നു.

12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതിയുടെ നീക്കം. ഈ സംഘം ക്യൂ കോംപ്ലക്സ്, വിശ്രമ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ച് പരിശോധന നടത്തും. ലഭ്യമായ സൗകര്യങ്ങൾ, ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവയും സംഘം വിലയിരുത്തും.

എലവുങ്കലിൽ ഭക്ഷണവും വെള്ളവുമടക്കമുളള സൗകര്യം ഭക്തർക്ക് നൽകാനുള്ള നടപടി ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. മുമ്പ് ദർശനത്തിനായി തീർത്ഥാടകർക്ക് കൂടുതൽ സമയം കാത്ത് നിൽക്കേണ്ടി വന്നിട്ടില്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ബുക്കിങ് ഇല്ലാതെ ദിവസവും 5000 മുതൽ 10,000 വരെ പേര് കയറുന്നുവെന്നും കോടതി വിലയിരുത്തി.

Related Articles

Latest Articles