Saturday, May 25, 2024
spot_img

കുസാറ്റ് അപകടം; ഇന്ന് സിന്‍ഡിക്കേറ്റ് യോഗം ചേരും; ചികിത്സയിലുള്ള 2 പെൺകുട്ടികളുടെ നില ഗുരുതരം, സാറാ തോമസിന്‍റെ സംസ്കാരം ഇന്ന്

കൊച്ചി: കുസാറ്റിൽ ഉണ്ടായ അപ്രതീക്ഷിത ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് അത്യാഹിത വിഭാഗത്തിൽ തുടരുന്നത്. നിലവിൽ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലാണ് ഇരുവരും ചികിത്സയിലുള്ളത്. അപകടത്തിൽ പരുക്കേറ്റ 34 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. അതേസമയം, കുസാറ്റ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സര്‍വകലാശാല ഇന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കും.

രാവിലെ പത്തരയ്ക്ക് സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിന്‍റെ ഓഡിറ്റോറിയത്തിലാണ് അനുശോചന യോഗം ചേരുക. ഇതുകൂടാതെ ദുരന്തം അന്വേഷിക്കുന്ന മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതി രാവിലെ യോഗം ചേരും. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുഴുവന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്.

അതേസമയം, ദുരന്തത്തിൽ ജീവൻ നഷ്ട്ടമായ താമരശ്ശേരി സ്വദേശിനി സാറാ തോമസിന്‍റെ സംസ്കാരം ഇന്ന് നടക്കും. ഈങ്ങാപ്പുഴ സെന്റ് ജോർജ് പള്ളിയിലാണ് സംസ്കാരം നടക്കുക. പറവൂർ സ്വദേശി ആൻ റിഫ്തയുടെ സംസ്കാരം വിദേശത്തുള്ള അമ്മ എത്തിയതിന് ശേഷമാകും. പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം പറവൂർ കുറുമ്പത്തുരുത്തിലെ വീട്ടിലെത്തിക്കും. നാളെ 11 മണിവരെ വീട്ടിൽ പൊതുദർശനം. ഒരു മണിയോടെ കുറുമ്പത്തുരുത്ത് സെന്‍റ് ജോസഫ് പള്ളിയിലാണ് സംസ്കാരം.

Related Articles

Latest Articles