Thursday, May 9, 2024
spot_img

സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തിൽ തുടർനടപടികളിൽ ആഭ്യന്തര വകുപ്പിന് ഗുരുതര വീഴ്ച; പെർഫോർമ റിപ്പോർട്ട് നൽകാതെ സംസ്ഥാന സർക്കാരിന്റെ ഒത്തുകളി പ്രതികളെ രക്ഷിക്കാൻ ? വിജ്ഞാപനം കൈമാറുന്നതിലും നടപടിക്രമങ്ങൾ പാലിക്കാതെ സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തിലെ നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. ഈ മാസം 9 നാണ് സിദ്ധാർത്ഥിന്റെ അച്ഛൻ മുഖ്യമന്ത്രിയെ കണ്ടത്. അന്ന് തന്നെ പ്രതിഷേധം തണുപ്പിക്കാൻ മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാൽ നാളുകളേറെയായിട്ടും തുടർനടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത സർക്കാരിന്റെ നടപടിയിൽ ദുരൂഹതയേറുന്നു. ഇന്നലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഈ വീഴ്ച ചൂണ്ടിക്കാട്ടിയതോടെയാണ് വിഷയം ചർച്ചയായത്. സിദ്ധാർത്ഥിന്റെ അച്ഛൻ ഇന്നലെ കേന്ദ്രമന്ത്രിയെയും ഗവർണറേയും കണ്ടിരുന്നു. 9 ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം സർക്കാർ ഈ മാസം 16 നാണ് സിബിഐക്ക് കൈമാറിയത്.

സാധാരണ നടപടിക്രമം അനുസരിച്ച് വിജ്ഞാപനവും മറ്റനുബന്ധ രേഖകളും പോലീസ് ആസ്ഥാനത്ത് തയ്യാറാക്കി ഉന്നത ഉദ്യോഗസ്ഥൻ ദില്ലിയിൽ സിബിഐ ആസ്ഥാനത്ത് നേരിട്ട് കൈമാറി അവിടെനിന്നും അക്‌നോളഡ്ജ്മെന്റ് കൈപ്പറ്റുകയാണ് പതിവ്. കൂടാതെ രേഖകൾ ഇമെയിൽ മുഖാന്തിരവും പോസ്റ്റ് വഴിയും സിബിഐ ആസ്ഥാനത്ത് കൈമാറും. എന്നാൽ സിദ്ധാർഥ് കേസിൽ വിജ്ഞാപനം കൈമാറുന്നതിൽ കാലതാമസം ഉണ്ടായെന്നു മാത്രമല്ല നടപടിക്രമങ്ങളും പാലിച്ചില്ല. ദില്ലിയിലെത്തി നേരിട്ട് കൈമാറുന്നതിന് പകരം അനുബന്ധ രേഖകളില്ലാതെ വിജ്ഞാപനം മാത്രം കൊച്ചി യൂണിറ്റിന് കൈമാറുകയാണുണ്ടായത്. ഏത് യൂണിറ്റാണ് അന്വേഷിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് സിബിഐ ആണെന്നിരിക്കെ കൊച്ചി യൂണിറ്റിന് വിജ്ഞാപനം കൈമാറിയതിലെ യുക്തിയും ചോദ്യംചെയ്യപ്പെടുന്നുണ്ട്.

അനുബന്ധ രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ട പെർഫോർമ റിപ്പോർട്ടും ഇതുവരെ സിബിഐക്ക് കൈമാറിയിട്ടില്ല. കേസിന്റെ പ്രത്യേകതകളും വിശദാംശകളും, സിബിഐ അന്വേഷിക്കേണ്ടതിന്റെ ആവശ്യകത, ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ തുടങ്ങിയ കാര്യങ്ങൾ അടങ്ങിയ രേഖയാണ് പെർഫോർമ റിപ്പോർട്ട്. ഈ സുപ്രധാന റിപോർട്ട് ഇതുവരെയും നൽകിയിട്ടില്ലെന്ന് മാത്രമല്ല പോലീസ് ആസ്ഥാനത്ത് ഇത് തയ്യാറാക്കി തുടങ്ങിയത് ഇന്നലെ കേന്ദ്രമന്ത്രി വീഴ്ച്ച ചൂണ്ടിക്കാട്ടിയതിന് ശേഷം മാത്രമാണ് എന്ന സൂചനയും പുറത്തുവരുന്നുണ്ട്. മലയാളത്തിൽ തയ്യാറാക്കിയിട്ടുള്ള എഫ് ഐ ആർ അടക്കമുള്ള രേഖകൾ വിവർത്തനം ചെയ്‌ത്‌ സമർപ്പിക്കേണ്ടതുമുണ്ട് . തുടക്കം മുതലേ എസ് എഫ് ഐക്കാരായ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം നേരിടുന്ന സർക്കാർ സിബിഐ അന്വേഷണം സംബന്ധിച്ച നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നതിൽ ദുരൂഹതയേറുന്നു. തെളിവുകൾ നശിപ്പിക്കാനാണെന്ന ആരോപണം സിദ്ധാർത്ഥിന്റെ കുടുംബം ഇതിനോടകം ആരോപിച്ചു കഴിഞ്ഞു.

Related Articles

Latest Articles