Tuesday, April 30, 2024
spot_img

ഇന്ന് ദീൻദയാൽ ഉപാധ്യായ സ്മൃതി ദിനം. | Dheendayal

അതിദീർഘമല്ലാത്ത ജീവിതകാലത്തിനുള്ളിൽ തനിക്കു ചെയ്തു തീർക്കാനുള്ള മഹത്കാര്യങ്ങൾ വ്യഗ്രതയോടെ ചെയ്തുതീർതാണ് ദീൻ ദയാൽ ഉപാധ്യായ എന്ന സൂര്യതേജസ്സ് അസ്തമിച്ചത്. അദ്ദേഹത്തിന്റെ ദർശനങ്ങളും രാഷ്ട്രീയ വീക്ഷണങ്ങളും ഇന്നും അനേകർക്ക് മാർഗ്ഗദർശകങ്ങളാണ്.

പ്രാഥമിക വിദ്യാഭ്യാസം മുതൽ ബിരുദ പഠനം വരെയും ഒന്നാം റാങ്കോടെ സ്വായത്തമാക്കിയ അറിവുകൾ അദ്ദേഹം സ്വരാഷ്ട്രത്തിനു വേണ്ടിയാണ് സമർപ്പിക്കുകയുണ്ടായത് . അധ്യാപകനായും സേവനമനുഷ്ഠിച്ചു .1937 കാലയളവിൽ കാൺപൂരിൽ സനാതന ധർമ്മ കോളേജിൽ പഠിക്കുന്ന കാലത്താണ് ദീൻദയാൽജി രാഷ്ട്രീയ സ്വയംസേവക സംഘവുമായി അടുപ്പം പ്രാപിക്കുന്നത് . കോളേജിൽ നടന്ന ശാഖ ബൈഠക്കുകളിൽ പങ്കെടുത്ത പൂജനീയ ദേവറസ്ജിയുമായും , ശ്രീ ബാബാസാഹേബ് ആപ്‌തെജിയുമായുള്ള അനുഭവങ്ങളൊക്കെ അദ്ദേഹത്തെ കൂടുതൽ സംഘ പാതയിലേക്ക് നയിച്ചു. പൂജനീയ ദേവറസ്ജിയുമായുള്ള സ്നേഹബന്ധം അദ്ദേഹത്തെ സംഘ ആദർശത്തിൽ ലയിപ്പിക്കുകയും ഉത്തമ സ്വയസേവകനാക്കിതീർക്കുകയും ചെയ്തു .

ബിരുദ പഠനത്തിന് ശേഷം ഒന്നാം റാങ്കോടെ അദ്ദേഹം എൽ.ടി പരീക്ഷയും പാസ്സായി. ഇതിനിടയിൽ അദ്ദേഹം പ്രഥമ , ദ്വിതീയ, ത്രിതീയ വർഷ സംഘശിക്ഷാവർഗ്ഗുകൾ പൂർത്തീകരിച്ചു. ‌എൽ.ടി പരീക്ഷക്ക് ശേഷം അദ്ദേഹം പൂജനീയ ദേവറസ്ജിയെ ചെന്നു കണ്ടു. സംഘകാര്യത്തിന് വേണ്ടി മുഴുവൻ സമയം പ്രവർത്തിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. അങ്ങനെ ദീൻദയാൽജി ലഖിംപൂർ ജില്ലയിലെ ഗോലാഗോകർണ്ണനാഥ് എന്ന സ്ഥലത്ത് പ്രചാരകനായി . പിന്നീട് ലഖിംപൂർ ജില്ലാ പ്രചാരകനുമായി . 1947 ൽ ദീൻദയാൽജി ഉത്തർപ്രദേശിന്റെ സഹപ്രാന്തപ്രചാരകായി. മഹാരാഷ്ട്രക്കാരനല്ലാത്ത ആദ്യത്തെ പ്രാന്തീയ അധികാരി .

ഈ കാലഘട്ടത്തിൽ നെഹ്‌റു മന്ത്രിസഭയിലെ വ്യവസായമന്ത്രിയും പ്രസിദ്ധ പാർലമെന്ററിയനും ആയിരുന്ന ഡോ. ശ്യാമപ്രസാദ് മുഖർജി സർക്കാരിന്റെ മുസ്ലിം പ്രീണന നയത്തിൽ പ്രതിഷേധിച്ചു രാജി വെച്ചു. ഭാരതത്തിലെ ഉരുക്ക് വ്യവസായങ്ങൾക്ക് കരുത്തേകിയ ഡോ. മുഖർജി പൂജനീയ ഗുരുജിയോട് ദേശീയ ബോധവും രാഷ്ട്ര ഭക്തിയുമുള്ള കുറേ കാര്യകര്താക്കളെ രാഷ്ട്രീയത്തിൽ തന്റെ സഹപ്രവർത്തകരായി നൽകണമെന്ന് ആവശ്യപ്പെട്ടു. വളരെ ആലോചിച്ച ശേഷം പൂജനീയ ഗുരുജി ദീനദയാൽജിയെ ഡോ.മുഖർജിക്കൊപ്പം പ്രവർത്തിക്കാൻ നിയോഗിച്ചു .

1951 സെപ്റ്റംബർ 21 തീയതി ദീൻദയാല്ജി ലക്നൗവിൽ രാഷ്ട്രീയ സമ്മേളനം വിളിച്ചു ചേർത്തു. ഭാരതീയ ജനസംഘം എന്ന ദേശീയ പ്രസ്ഥാനം രൂപം കൊണ്ടു . ഡോ. മുഖർജി അധ്യക്ഷനും , ദീൻദയാല്ജി സെക്രട്ടറിയും. 1952 ൽ പണ്ഡിറ്റ് ദീനദയാൽജി അവതരിപ്പിച്ച ത്രിമുഖ സിദ്ധാന്തം ജനസംഘത്തിന്റെ പ്രേരണയും ദിശാബോധവും എന്തെന്ന് ഭാരതീയർക്ക് കാട്ടിക്കൊടുത്തു. അദ്ദേഹത്തിന്റെ പ്രതിഭയും കാര്യക്ഷമതയും കൊണ്ട് പ്രഭാവിതനായ ശ്രീ.മുഖർജി കാൺപൂരിൽ നടന്ന അഖില ഭാരത സമ്മേളനത്തിൽ പറഞ്ഞു ” ഇതേപോലെ രണ്ടു ദീൻദയാൽമാരെ എനിക്കു കിട്ടിയിരുന്നെങ്കിൽ രാഷ്ട്രത്തിന്റെ മുഖഛായ തന്നെ ഞാൻ മാറ്റിയെടുക്കുമായിരുന്നു.”

രാഷ്ട്രത്തെ വിഘടിപ്പിക്കുന്ന 370 വകുപ്പ് എന്ന വഞ്ചന നെഹ്‌റു ഷെയ്ഖ് അബ്ദുള്ളക്കു ദാനം ചെയ്തതിൽ പ്രതിഷേധിച്ചു ഡോ. മുഖർജി കാശ്മീരിലേക്ക് മാർച്ച്‌ നടത്തി. അറസ്റ്റ് ചെയ്യപ്പെട്ടു. ക്രൂരനായ ഷെയ്ഖ് അബ്ദുള്ളയുടെ തടവറയിൽ 1953 ജൂൺ 23ന് ഡോ. മുഖർജി എന്ന സൂര്യതേജസ്സ് അസ്തമിച്ചു . നെഹ്രുവിനും അബ്ദുല്ലക്കും നേരെ അനേകം ചോദ്യങ്ങൾ ബാക്കിവെച്ച് ..

ഇക്കാലയളവിൽ ദീൻദയാല്ജിയുടെ വൈഭവമായ പ്രവർത്തനപാടവത്തിൽ ഭാരതീയ ജനസംഘം ഭാരതത്തിന്റെ പ്രതിപക്ഷ സ്ഥാനം വഹിച്ചു . ഡോ. മുഖർജിയുടെ മരണത്തിനു ശേഷവും ഭാരതീയ ജനസംഘത്തിന്റെ അധ്യക്ഷ പദവി ഏറ്റെടുക്കാതെ തന്നെ 1967 വരെയും ദീൻദയാല്ജി ജനറൽ സെക്രട്ടറിയായി തുടർന്നു. പ്രവർത്തകർ അദ്ദേഹത്തോട് അധ്യക്ഷ പദവി ഏറ്റെടുക്കാൻ പറയുമ്പോഴും അദ്ദേഹം അതെല്ലാം സ്നേഹപൂർവ്വം നിരസിച്ചു. സ്വർണ്ണഗോപുരത്തിന്റെ മണിമകുടമാകുന്നതിനു പകരം കാണാത്ത ആധാരശിലയായിരിക്കാനായിരുന്നു അദ്ദേഹത്തിന് താത്പര്യം .

പക്ഷേ , 1967 ൽ സമ്മർദ്ദമേറിയപ്പോൾ മനസ്സില്ലാമനസ്സോടെ ആപത്ധർമ്മം എന്ന നിലയിൽ അദ്ദേഹം അധ്യക്ഷ പദവി ഏറ്റെടുത്തു. അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ കോഴിക്കോട് വെച്ച് നടന്ന അഖില ഭാരതീയ സമ്മേളനം ഭാരതത്തിൽ ചലനം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗം ഭാരത രാഷ്ട്രീയത്തിലെ നാഴികകല്ലായി ഇന്നും ശോഭിക്കുന്നു . അദ്ദേഹം അവതരിപ്പിച്ച ‘ഏകാത്മമാനവവാദം’ ഇന്നും ഭാരതത്തിന്റെ ചിന്താസരണികളിൽ അലയടിക്കുന്നു ..

ഭാരതത്തെ സ്തബ്ധമാക്കിയ ദിനമായിരുന്നു 1968 ഫെബ്രുവരി 11. തലേ ദിവസം ലക്നൗവിൽ നിന്നും പട്നയിലേക്ക് ട്രെയിൻ യാത്ര ചെയ്ത ദീൻ ദയാൽ ഉപാധ്യായ എന്ന ഭാരതരാഷ്ട്രീയത്തിലെ ഋഷിവര്യൻ ദുരൂഹ സാഹചര്യത്തിൽ മുഗൾസരായി റെയിൽവേ സ്റ്റേഷനിനരികെ റെയിൽപാളത്തിൽ തന്റെ ചേതനയറ്റ ശരീരവുമായി കാണപ്പെട്ടു .
ഡോ.ശ്യാമ പ്രസാദ്‌ മുഖർജിയെ പോലെ തന്നെ രാഷ്ട്ര വിരോധികളുടെ കൈകളാൽ ദീനദയാൽ എന്ന ദേശീയ ജ്യോതിയും കെടുത്തപ്പെട്ടു. രാഷ്ട്രം സ്തബ്ധമായി !

Related Articles

Latest Articles