ദില്ലി: രാജ്യത്ത് ഡിജിറ്റൽ രൂപ (Digital Currency) പുറത്തിറക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. അടുത്ത സാമ്പത്തിക വർഷം അത് പുറത്തിറങ്ങുമെന്നാണ് സൂചന. ഇപ്പോഴിതാ ഡിജിറ്റൽ കറൻസിയുടെ കൂടുതൽ നേട്ടങ്ങളും സ്വാധീനവും വ്യക്തമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റൽ കറൻസി പുതിയ അവസരങ്ങൾക്ക് തുടക്കം കുറിക്കുമെന്നും, ഇത് സാമ്പത്തിക, സാങ്കേതിക വിദ്യയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഡിജിറ്റൽ കറൻസിക്ക് പണ ഇടപാടുകൾ കൂടുതൽ സുഗമമമാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി(സിബിഡിസി) നമ്മുടെ രൂപയുടെ ഡിജിറ്റൽ രൂപമായിരിക്കും അത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലായിരിക്കും. ഡിജിറ്റൽ കറൻസി ഉപയോഗിച്ച് ഫിസിക്കൽ കറൻസി കൈമാറ്റം ചെയ്യുന്ന സംവിധാനമായിരിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സംവിധാനം സമ്പദ് വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ കറൻസി പണമാക്കി മാറ്റാൻ സാധിക്കുമന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സാതാരാമൻ രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
നിക്ഷേപകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ ആദ്യ ഔദ്യോഗിക പ്രസ്താവനയാണ് ബജറ്റിലൂടെ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. അതേസമയം ഡിജിറ്റൽ രൂപ എങ്ങനെ ഇടപാട് നടത്താം എന്നതിനെക്കുറിച്ച് സാങ്കേതിക വിദഗ്ധരും മറ്റും നിർദ്ദേശിച്ച നിരവധി മാർഗങ്ങൾ ഉണ്ട്. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ഔപചാരിക പ്രഖ്യാപനത്തിൽ പൗരന്മാർക്ക് ഡിജിറ്റൽ രൂപ ഉപയോഗിച്ച് എങ്ങനെ ഇടപാട് നടത്താമെന്ന് വിശദമാക്കും. നിലവിലെ ഡിജിറ്റൽ പേയ്മെന്റ് അനുഭവത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും ഡിജിറ്റൽ രൂപ ഇടപാട്. കറൻസി നോട്ട് കൈമാറുന്നത് പോലെ അത് തൽക്ഷണം കൈമാറാൻ സാധിക്കും.

