കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനായി പണം ആവശ്യപ്പെട്ടന്ന ദിലീപിന്റെ ആരോപണം തള്ളി ഫാദര്‍ വിക്ടര്‍ എവരിസ്റ്റസ്. ബാലചന്ദ്രകുമാറിനൊപ്പം ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ട്, എന്നാല്‍ പണം ചോദിക്കാനല്ലെന്നും മറ്റ് കാര്യങ്ങള്‍ക്കായിരുന്നെന്നുമാണ് ക്രൈം ബ്രാഞ്ചിന് ഫാദര്‍ വിക്ടര്‍ നൽകിയിരിക്കുന്ന മൊഴി.
ആഴാകുളം ഐ.വി.ഡി സെമിനാരി നടത്തിപ്പുകാരനായ ഫാദര്‍ വിക്ടര്‍ എവരിസ്റ്റസ് ആലുവ പൊലീസ് ക്ലബില്‍ എത്തിയാണ് മൊഴി നൽകിയിരിക്കുന്നത്. ദിലീപുമായി എന്തെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോയന്ന് വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. ജാമ്യം ലഭിച്ചശേഷം ഫാദര്‍ വിക്ടര്‍ ദിലീപിനെ കണ്ടിരുന്നു. ഫാദര്‍ മുഖേനയാണ് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടതെന്നായിരുന്നു ദിലീപിന്‍റെ ആരോപണം.
അതേസമയം, കേസില്‍ രഹസ്യരേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി നിരീക്ഷിച്ചു. ‘എ’ ഡയറി രഹസ്യ രേഖയല്ല. ഇത് കോടതിയില്‍ ദിനംപ്രതി നടക്കുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതാണ്. അത് ബഞ്ച് ക്ലര്‍ക്കാണ് തയ്യാറാക്കുന്നത്. രേഖകള്‍ ചോര്‍ന്നതിന് ജീവനക്കാര്‍ക്കെതിരെ തെളിവ് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

