Thursday, May 9, 2024
spot_img

തിരക്കഥ പൂർത്തിയായി; ആർ എസ് എസ് ചരിത്രം അഭ്രപാളികളിലെത്തുമോ ? ചരിത്ര ദൗത്യം ഏറ്റെടുക്കാൻ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ രാജമൗലി? തിരക്കഥ വായിച്ച അനുഭവം പങ്കുവച്ച് സംവിധായകൻ

ആർ എസ് എസ് എന്ന സംഘടനയെ പറ്റി വേറിട്ട അനുഭവങ്ങൾ പങ്ക് വെച്ച് സംവിധായകൻ എസ്എസ് രാജമൗലി.“എനിക്ക് ആർ‌എസ്എസ് എന്ന സംഘടനയെക്കുറിച്ച് അത്ര അറിവില്ല. ഈ സംഘടനയെക്കുറിച്ച് ഞാൻ ധാരാളം കാര്യങ്ങൾ തീർച്ചയായും കേട്ടിട്ടുണ്ട്. പക്ഷേ അത് എങ്ങനെ രൂപപ്പെട്ടു, അവരുടെ ആശയങ്ങൾ എന്തൊക്കെയാണ്, ആ സംഘടന എങ്ങനെ വികസിച്ചു, തുടങ്ങിയ കാര്യങ്ങളൊന്നും എനിക്കറിയില്ല. പക്ഷെ ഞാൻ എന്റെ അച്ഛന്റെ സ്ക്രിപ്റ്റ് വായിച്ച് അങ്ങേയറ്റം വികാരഭരിതനായി. ആ തിരക്കഥ വായിക്കുന്നതിനിടെ ഞാൻ പലതവണ കരഞ്ഞു, പക്ഷേ തിരക്കഥയിലെ ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്“, രാജമൗലി പറഞ്ഞു.ഒരു അന്താരാഷ്‌ട്ര പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലി മനസ്സ് തുറന്നത്.

താൻ ഈ ചിത്രം സംവിധാനം ചെയ്യുമോയെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഞാൻ വായിച്ച തിരക്കഥ വളരെ വൈകാരികവും ഏറെ മികച്ചതുമാണ്, പക്ഷേ മറ്റുള്ളവർക്ക് അതേക്കുറിച്ച് എന്തു തോന്നുമെന്ന് എനിക്കറിയില്ല. എന്റെ അച്ഛൻ എഴുതിയ തിരക്കഥ ഞാൻ സംവിധാനം ചെയ്യുമോ എന്ന് പലരും എന്നോട് ചോദിക്കുന്നുണ്ട്. ഒന്നാമതായി, അത് സാധ്യമാകുമോ എന്ന് എനിക്കറിയില്ല. കാരണം എന്റെ അച്ഛൻ മറ്റേതെങ്കിലും സംഘടനയ്‌ക്കോ ആളുകൾക്കോ ​​അല്ലെങ്കിൽ മറ്റേതെങ്കിലും നിർമാതാവിനു വേണ്ടിയാണോ ഈ തിരക്കഥ എഴുതിയതെന്ന് എനിക്ക് അറിയില്ല. ഈ ചോദ്യത്തിന് എന്റെ പക്കൽ ഇപ്പോൾ കൃത്യമായ ഉത്തരമില്ല. ഈ കഥ സംവിധാനം ചെയ്യാൻ സാധിച്ചാൽ അതൊരു ബഹുമതിയായി ഞാൻ കണക്കാന്നുന്നു. പക്ഷേ ഈ കഥക്ക് എത്രത്തോളം ചലനം സൃഷ്ടിക്കാൻ ആകും എന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല. അത് ഏതെങ്കിലും വിധത്തിലുള്ള നെഗറ്റീവ് അല്ലെങ്കിൽ പോസിറ്റീവ് സ്വാധീനം ഉണ്ടാക്കുമെന്ന് ഞാൻ പറയുന്നില്ല. അതേക്കുറിച്ച് എനിക്ക് ഉറപ്പില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. കഥയെക്കുറിച്ചും ആർ‌എസ്‌എസിനെക്കുറിച്ചും മൊത്തത്തിൽ എന്താണ് തോന്നിയതെന്ന് ചോദിച്ചപ്പോൾ, ആർ‌എസ്‌എസിന്റെ ചരിത്രത്തെക്കുറിച്ച് തനിക്ക് കൂടുതൽ അറിയില്ല എന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം.

രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് തന്നെയാണ് ആർആർആറിന്റെ തിരക്കഥയും ഒരുക്കിയത്. മകൻ എസ്എസ് രാജമൗലിയുടെ മിക്കവാറും എല്ലാ സിനിമകൾക്കും തിരക്കഥ ഒരുക്കിയത് അദ്ദേഹം ആണ്. ഇപ്പോൾ ആർഎസ്എസിനെക്കുറിച്ചുള്ള തിരക്കഥയുടെ പണിപ്പുരയിലാണ് അദ്ദേഹം.തെലുങ്ക് സിനിമാ സംവിധായകനും തിരക്കഥാകൃത്തുമാണ് വിജയേന്ദ്ര പ്രസാദ്. ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിളും ഒരുപിടി ഹിറ്റ്‌ ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. ആർആർആർ, ബജ്‌രംഗി ഭായ്ജാൻ, മണികർണിക, മഗധീര, മെർസൽ തുടങ്ങിയ ചിത്രങ്ങളാണ് അവയിൽ ചിലത്. അദ്ദേഹം സംവിധാനം ചെയ്ത രാജണ്ണയ്ക്ക് മികച്ച ഫീച്ചർ ഫിലിമിനുള്ള നന്തി അവാർഡ് ലഭിച്ചിട്ടുണ്ട്. സീത: ദ ഇൻകാർനേഷൻ, അപരാജിത അയോധ്യ, പവൻ പുത്ര ഭായിജാൻ എന്നിവയാണ് വിജയേന്ദ്ര പ്രസാദിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Related Articles

Latest Articles