Tuesday, May 7, 2024
spot_img

നിർദ്ദേശങ്ങൾ പാലിക്കുന്നില്ല; കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രം; തന്ത്രപരമായ ലോക്ഡൗൺ വേണമെന്ന് കർശന നിർദ്ദേശം നൽകി ആരോഗ്യമന്ത്രാലയം

ദില്ലി: കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുന്നതിൽ ആശങ്കയറിയിച്ച് കേന്ദ്രം. വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയാത്തതിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗികളുടെ എണ്ണം കുറയാൻ മെച്ചപ്പെട്ട ലോക്ഡൗൺ തന്ത്രങ്ങൾ ആവിഷ്‌കരിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു കഴിഞ്ഞു.

‘സമര്‍ത്ഥവും തന്ത്രപരവുമായ ലോക്ക്ഡൗണില്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. പ്രതിദിന കോവിഡ് കേസുകള്‍ ഉയരുമ്പോഴും കേരളം കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. അതിന്റെ ആഘാതം അയല്‍ സംസ്ഥാനങ്ങള്‍ അനുവഭവിക്കുന്നെന്നും ആരോഗ്യ മന്ത്രാലയ വക്താക്കൾ അറിയിച്ചു.

”കേരളത്തില്‍ കോവിഡ് രോഗികളില്‍ 85 ശതമാനവും വീടുകളിലാണ് കഴിയുന്നത്. പ്രതിദിന കോവിഡ് കുതിപ്പ് തടയാന്‍ സംസ്ഥാനം നടപടികള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്. ജില്ലാതലത്തില്‍ മാത്രമല്ല രോഗബാധയുള്ള പ്രദേശങ്ങളിലും ശ്രദ്ധകാണിക്കുകയും നടപടികള്‍ കൈക്കൊള്ളുകയും വേണം. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കേരളത്തില്‍ കോവിഡ് രോഗികള്‍ വീടുകളില്‍ രോഗമുക്തി നേടുന്നത്. ഇതുകൊണ്ടാണ് കേരളത്തിന് വൈറസ് വ്യാപനം തടയാന്‍ സാധിക്കാത്തത്” എന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല കണ്ടെയിന്‍മെന്റ് സോണുകളില്‍ അടിയന്തരമായി കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വിനോദ സഞ്ചാരമടക്കം നിയന്ത്രിക്കുകയും വേണം എന്നും കേരളത്തില്‍ പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് 14നും 19 ശതമാനത്തിനും ഇടയില്‍ തുടരുകയാണ്. ഇത് അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാമെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles