Tuesday, May 7, 2024
spot_img

വാക്സിന്‍ എടുക്കാൻ വിസമ്മതിക്കുന്നു; മെഡിക്കല്‍ സംഘത്തിന് നേരെ പാമ്പിനെ വീശി മധ്യവയസ്ക

കൊവിഡ് വാക്സിന്‍ വിതരണത്തിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പാമ്പിനെ എടുത്ത് വീശി സ്ത്രീ. വാക്സിന്‍ എടുക്കാന്‍ തയ്യാറല്ലാത്തതിനെ തുടര്‍ന്നായിരുന്നു വിചിത്ര രീതിയില്‍ സ്ത്രീ പെരുമാറിയത്. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. അജ്മീറിലെ പിസാന്‍ഗാവ് മേഖലയിലെത്തിയ മെഡിക്കല്‍ സംഘത്തിനാണ് പാമ്പിനെ ഭയന്ന് വാക്സിനുമായി ഓടേണ്ടി വന്ന ഗതികേടുണ്ടായത്. കൊവിഡ് വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് വീടുകള്‍ തോറും കയറി മെഡിക്കല്‍ സംഘം വാക്സിന്‍ വിതരണം ചെയ്തിരുന്നത്.

കമലാ ദേവി എന്ന സ്ത്രീയുടെ വീട്ടിലെത്തിയപ്പോഴാണ് മെഡിക്കല്‍ സംഘത്തിന് നേരെ പാമ്പിനെ ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടായത്. കല്‍ബേലിയ വിഭാഗത്തില്‍പ്പെടുന്ന ആളാണ് കമലാദേവി. ഇവര്‍ പാമ്പിനെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധയുമാണ്. വീട്ടിലെത്തിയ മെഡിക്കല് സംഘത്തോട് വാക്സിന്‍ എടുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ഇവര്‍ ആദ്യം പറഞ്ഞു. കൊവിഡ് മൂന്നാം തരംഗം വന്നേക്കാമെന്ന ആശങ്ക മുന്‍നിര്‍ത്തി വാക്സിന്‍ എടുക്കേണ്ടതിന്‍റെ ആവശ്യകത വിശദമാക്കിയതോടെയാണ് ഇവര്‍ പാമ്പിനെ എടുത്തത്.

പാമ്പിനെ കയ്യിലെടുത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ വീശുകയാണ് ഇവര്‍ ചെയ്തത്. ഇനിയും നിര്‍ബന്ധിച്ചാല്‍ പാമ്പിനെ ആരോഗ്യ പ്രവര്‍ത്തകരുടെ ദേഹത്തേക്ക് ഇടുമെന്ന ഭിഷണിയോടെയായിരുന്നു കമലാദേവിയുടെ നടപടി. കമലാദേവിയെ സമാധാനിപ്പിക്കാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമത്തെ അവര്‍ തള്ളിക്കളയുന്നതും പാമ്പിനെ വീണ്ടും വീണ്ടും വീശുന്നതുമായ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ബഹളം കേട്ട് ഇവരുടെ വീട്ടിലേക്ക് നാട്ടുകാര്‍ കൂടിയെത്തി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ വാക്സിന്‍ എടുക്കാന്‍ കമലാ ദേവി സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. സമാനമായ മറ്റൊരു സംഭവത്തില്‍ തെലങ്കാനയില്‍ ഒരു നഴ്സിന് സോഫ്റ്റ്വെയര്‍ എന്‍ജിനിയറില്‍ നിന്ന് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു. കരുതി വച്ചിരുന്ന വാക്സിന്‍ തീര്‍ന്നതായും മറ്റൊരു ദിവസം വരാന്‍ ആവശ്യപ്പെട്ടതുമാണ് മര്‍ദ്ദനത്തിന് കാരണമായത്.

Related Articles

Latest Articles