
തിരുവനന്തപുരം: വെള്ളിത്തിരയിലെയും മിനിസ്ക്രീനിലെയും പ്രിയ താരങ്ങൾക്ക് ശബ്ദം നൽകി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ കലാകാരന്മാരുടെ കൂട്ടായ്മയായ ഡബ്ബിങ് ആർട്ടിസ്റ്റ് അസോസിയേഷൻ ഫോർ ഫിലിം ആൻഡ് ടിവിയുടെ (DAAFT) ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വർണ്ണാഭമായി. തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ എൽ.പി സ്കൂളിൽ വെച്ച് അതിവിപുലമായ രീതിയിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന കലാകാരന്മാരും കുടുംബാംഗങ്ങളും സിനിമാ-സീരിയൽ-സാഹിത്യ രംഗത്തെ പ്രമുഖരും ഒത്തുചേർന്നപ്പോൾ പരിപാടി അക്ഷരാർത്ഥത്തിൽ ഒരു മഹാസംഗമമായി മാറി.
ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കലാരംഗത്ത് ഡബ്ബിങ് ആർട്ടിസ്റ്റുകൾ നൽകുന്ന നിസ്തുലമായ സംഭാവനകളെ മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രശംസിച്ചു. ഡാഫ്റ്റ് പ്രസിഡന്റ് ബിനോയ് പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ ഭാവി പദ്ധതികളെക്കുറിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. ഡാഫ്റ്റ് ജനറൽ സെക്രട്ടറി പെരുമാൾ ജി. ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം ആശംസിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ സാഹിത്യകാരി ഗിരിജ സേതുനാഥ്, പ്രശസ്ത സിനിമാ-സീരിയൽ താരങ്ങളായ ഉമാ നായർ, ജയകൃഷ്ണൻ, വീണ നായർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ശബ്ദകലാരംഗത്തെ കലാകാരന്മാരുമായുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച അവർ ഡാഫ്റ്റ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഹൃദ്യമായ ഓണാശംസകൾ നേരുകയും ചെയ്തു. തുടർന്ന് വിനോദ് കല്ലറ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

സാംസ്കാരിക സമ്മേളനത്തിന് പുറമെ നിരവധി ശ്രദ്ധേയമായ പരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നത്.സംഘടനയിലെ മുതിർന്ന കലാകാരന്മാരായ പരമേശ്വരൻ കുര്യാത്തി, കോട്ടയം അശോകൻ എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. അതോടൊപ്പം അർഹരായവർക്ക് ഓണക്കിറ്റ് വിതരണവും നടത്തി.
അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ച വിവിധ കലാ-കായിക മത്സരങ്ങൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ഡാഫ്റ്റ് അംഗങ്ങൾ തന്നെ നേരിട്ട് അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു.
അൻപതിൽപരം ആകർഷകമായ സമ്മാനങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച ‘മെഗാ ലക്കി ഡ്രോ’ നറുക്കെടുപ്പായിരുന്നു പരിപാടിയുടെ മറ്റൊരു മുഖ്യ ആകർഷണം.

