ശിശുദിനത്തിൽ കുരുന്നുകള്ക്ക് ലക്ഷങ്ങളുടെ സഹായഹസ്തവുമായി നടന് ദുല്ഖര് സല്മാന്.വൃക്ക, കരള്, ഹൃദയം ഉള്പ്പെടെ ഗുരുതര രോഗം ബാധിച്ച് സര്ജറിക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകളുടെ കുടംബങ്ങള്ക്കാണ് ദുല്ഖര് സല്മാന്റെ സഹായം.
ദുല്ഖര് സല്മാന് ഫാമിലിയുടെ നേതൃത്വത്തില് ആസ്റ്റര് മെഡിസിറ്റി, കൈറ്റ്സ് ഫൗണ്ടേഷന്, വേഫെറര് ഫിലിംസ് എന്നിവര് കൈകോര്ത്ത് ‘വേഫെറേഴ്സ് ട്രീ ഓഫ് ലൈഫ്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വേഫെറര് ഫിലിംസ് പ്രതിനിധി ബിബിന്, ആസ്റ്റര് മെഡിസിറ്റിയിലെ മീഡിയ റിലേഷന്സ് ഡെപ്യൂട്ടി മാനേജര് ശരത്ത് കുമാര് ടി എസ്, മെഡിക്കല് സര്വീസസ് ഡെപ്യൂട്ടി ചീഫ് ഡോ. രോഹിത് പി വി നായര്, കൈറ്റ്സ് ഫൗണ്ടേഷന് പ്രതിനിധികളായ അജ്മല്, ക്ലാരെ എന്നിവര് ചേര്ന്ന് ലോഗോ പ്രകാശനം നടത്തി.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തിലെ നൂറ് കുഞ്ഞുങ്ങള്ക്കായിരിക്കും പദ്ധതിയിലൂടെ സഹായം ലഭിക്കുകയെന്ന് അണിയറക്കാര് അറിയിക്കുന്നു. ഓരോ സര്ജറിക്കും ഇരുപത് ലക്ഷമോ അതിലധികമോ ചിലവാണ് വരിക. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക. ഇത് തിരിച്ചറിഞ്ഞാണ് സഹായവുമായി ദുല്ഖര് സല്ഫാന് ഫാമിലി രംഗത്തെത്തിയിരിക്കുന്നത്.

