Friday, May 10, 2024
spot_img

ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കൾ
മയക്കുമരുന്ന് കേസുകളിൽ പ്രതികളാവുന്നു;
ഇവർക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നു : മാത്യു കുഴൽനാടൻ

കൊച്ചി : ലഹരി ഉപയോഗം കേരളത്തിലാണ് കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുന്നുണ്ടെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. മയക്കുമരുന്ന് വ്യാപനം സഭയിൽ ഉന്നയിച്ച പ്രതിപക്ഷത്തിന് മറുപടിയായാണ് മന്ത്രി സഭയിൽ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളുടെ വിവരങ്ങളും മന്ത്രി വിശദീകരിച്ചു.

263 വിദ്യാലയ പരിസരങ്ങളിൽ ലഹരി വിൽപന ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവിടെ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് 7177 എൻഡിപിഎസ് കേസുകൾ എക്‌സൈസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ 7123 പേരെ അറസ്റ്റ് ചെയ്തു. പോലീസ് രജിസ്റ്റർ ചെയ്ത 24563 മരുന്ന് കേസുകളിൽ 27088 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് വിൽപന കൂടിയ 263 വിദ്യാലയങ്ങളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ടെന്ന് സഭയെ മന്ത്രി അറിയിച്ചു.

കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേരളത്തിൽ ലഹരിയുടെ ഉപയോഗം മൂലമുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നുന്നുവെന്നും സ്ത്രീ പീഡനങ്ങൾ കൂടി വരികയാണെന്നും പ്രതിപക്ഷം ആരോപിച്ചു. മയക്കുമരുന്ന് സംഘത്തിന്റെ അക്രമങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു .

ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വ്യാപകമായി ലഹരി കടത്തുന്നുണ്ട്. വടകരയിൽ നടന്ന സംഭവം ഗൗരവമുള്ളതാണ്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പോലും പോലീസ് വീഴ്ച വരുത്തി. കുട്ടിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്ന് പോലീസ് പറയുന്നു. ആരെയാണ് പോലീസ് സംരക്ഷിക്കുന്നത് എന്നും മാത്യു കുഴൽനാടൻ ചോദിച്ചു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കൾ ആണ് മയക്കുമരുന്ന് കേസുകളിൽ പ്രതികളാവുന്നത്. ഇവർക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നു. രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുമ്പോഴാണ് ലഹരി മാഫിയ ശക്തമാകുന്നത്. അദ്ദേഹം ആരോപിച്ചു.

Related Articles

Latest Articles