Wednesday, May 8, 2024
spot_img

സംസ്ഥാനത്തിന് ആശ്വാസം: നിപ സ്ഥിരീകരിച്ച കുട്ടിയുടെ അമ്മയുൾപ്പെടെയുളള എട്ട് പേർക്കും പരിശോധനാഫലം നെ​ഗറ്റീവ്

തിരുവനന്തപുരം: നിപയിൽ സംസ്ഥാനത്തിന് ആശ്വാസം. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്. മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെ​ഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കൾക്കുൾപ്പെടെ നെഗറ്റീവാണെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 48 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരുടെ എല്ലാവരുടേയും സാംപിൾ ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജമാക്കിയ ലാബിൽ പരിശോധിക്കും. ഇൻക്യുബേഷൻ പിരീഡ് കഴിയുന്നത് വരെ എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ കിടത്തും. എട്ടുപേർക്കും നിലവിൽ മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ല എന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിക്കുന്നത് . കോഴിക്കോട് പന്ത്രണ്ട് വയസുകാരന്റെ മരണകാരണം നിപയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരിൽ 54 ഹൈറിസ്ക് വിഭാ​ഗത്തിലാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 38 പേർ ആശുപത്രി ഐസൊലേഷനിലാണ്. പതിനൊന്ന് പേർക്ക് രോ​ഗലക്ഷണങ്ങളുണ്ട്. ഇതിൽ എട്ട് പേരുടെ പരിശോധനാ ഫലമാണ് ഇപ്പോൾ നെ​ഗറ്റീവായത്.

അതേസമയം കുട്ടിയുടെ വീടും പരിസരവും മൃഗസംരക്ഷണ വകുപ്പ് സന്ദർശിച്ചു. വീടിന്റെ പരിസരത്ത് രണ്ട് റമ്പൂട്ടാൻ മരങ്ങൾ ഉള്ളതായി ആരോ​ഗ്യമന്ത്രി പറഞ്ഞു. പാതി കടിച്ച റമ്പൂട്ടാനുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു. ഓരോ 25 വീടിനും ഒരു സംഘമെന്ന നിലയിൽ പ്രദേശത്ത് വിവരശേഖരണം നടത്തും. നിപ ചികിത്സയ്ക്കായി നേരത്തെ തന്നെ സംസ്ഥാനത്ത് പ്രോട്ടോക്കോൾ ഉണ്ടെന്നും, റെംഡിസീവർ ഉപയോ​ഗിക്കുമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. അതോടൊപ്പം ഭോപ്പാൽ എൻഐവി സംഘം നാളെ കോഴിക്കോടെത്തുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Latest Articles