Monday, April 29, 2024
spot_img

ഒമാനിലെ ശക്തമായ തിരമാലയിൽ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേരെ കടലെടുത്തു; ആളുകൾ ഒളിച്ചു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ ഉയര്‍ന്നുപൊങ്ങിയ തിരമാലയിൽ അകപ്പെട്ട് അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഒലിച്ചുപോകുന്ന ദാരുണമായ അപകടത്തിന്റെ ദൃശ്യം പുറത്ത്. അപ്രതീക്ഷിതമായി ഉയര്‍ന്നുപൊങ്ങിയ തിരമാലയില്‍പ്പെട്ടവര്‍ കടലിലേക്ക് വീഴുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ദാഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മുഗ്‌സെയില്‍ ബീച്ചില്‍ ഞായറാഴചയാണ് അപകടം നടന്നത്.

ദുബായില്‍നിന്നുള്ള പ്രവാസി കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെയാണ് തിരമാലയില്‍പ്പെട്ട് കാണാതായത്. വിനോദകേന്ദ്രമായ മുഗ്‌സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. എട്ട് പേരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു.

കടല്‍ത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ഉത്തരേന്ത്യന്‍ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കാണാതായ ഇന്ത്യക്കാരില്‍ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ശശികാന്ത് (42), ഇയാളുടെ ആറു വയസുകാരനായ മകന്‍ ശ്രേയസ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ശശികാന്തിന്റെ മകള്‍ ശ്രേയയെ (9) ഇതുവരെ കണ്ടെത്തിയില്ല. അപകടത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്.

Related Articles

Latest Articles