പെരുമ്പാവൂര്‍: രേഖകളില്ലാതെ ആനക്കൊമ്പ് സൂക്ഷിച്ചെന്ന കേസില്‍ മോഹന്‍ലാലിനും മറ്റു മൂന്നു പേര്‍ക്കും സമന്‍സ് അയയ്ക്കാന്‍ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഡിസംബര്‍ ആറിന് ഹാജരാകാനാണ് ഉത്തരവ്. ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിങ് കോംപ്ലക്‌സില്‍ ഹില്‍ ഗാര്‍ഡനില്‍ പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍.എസ്. ഗേറ്റില്‍ നയനം വീട്ടില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ ടെയ്ലേഴ്‌സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്ട്‌മെന്റില്‍ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ കൂട്ടുപ്രതികള്‍.
അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് 2012- ലാണ് വനം വകുപ്പ് മോഹന്‍ലാലിനെ പ്രതിയാക്കി കേസെടുത്തത്. അന്വേഷണത്തിനൊടുവില്‍ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഈ കേസ് വരുന്നില്ലെന്നു കണ്ട് കേസ് പിന്‍വലിച്ചു. ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത കൊമ്പുകള്‍ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് വനംവകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുൻകൈയെടുത്ത് തിരിച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് കൊമ്പ് സൂക്ഷിക്കാന്‍ ലാലിന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനുമതിയും നല്‍കി.
ഇതിനെ ചോദ്യം ചെയ്ത് എറണാകുളം സ്വദേശിയായ പി.പി. പൗലോസ് നല്‍കിയ കേസിലാണ് സമന്‍സ്. പ്രതികളിലൊരാളായ കൃഷ്ണകുമാറിന്റെ ‘കൃഷ്ണന്‍കുട്ടി’ എന്ന ആന ചരിഞ്ഞപ്പോള്‍ ആ കൊമ്പ് മോഹൻ ലാലിന് നല്‍കിയതാണെന്നും കൊമ്പുകള്‍ കാട്ടാനയുടേതല്ലെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. ഹര്‍ജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും വകുപ്പ് കോടതിയെ ധരിപ്പിച്ചിരുന്നു. എങ്കിലും കുറ്റപത്രം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്.

