Friday, April 19, 2024
spot_img

സോഷ്യൽമീഡിയയിൽ ചർച്ചയായി എന്‍ജോയ് എന്‍ജാമി: ഗാനത്തിന്റെ എല്ലാ വരുമാനവും ഉടമസ്ഥാവകാശവും മൂന്നു പേർക്കും തുല്യം; മറുപടിയുമായി ഗായിക ഡീ

ഗായിക ഡീ, റാപ്പര്‍ അറിവ് എന്നിവര്‍ ചേര്‍ന്നാലപിച്ച തമിഴ് ഗാനം എന്‍ജോയ് എന്‍ജാമിയെച്ചൊല്ലിയുള്ള വിവാദങ്ങൾ സോഷ്യൽമീഡിയയിൽ നിറയുകയാണ്. ഇപ്പോൾ പാട്ടിന്റെ അവകാശം സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. 44ാമത് ചെസ്സ് ഒളിമ്പ്യാഡില്‍ ഡീ എന്‍ജോയ് എന്‍ജാമി പാടിയിരുന്നു. അറിവിന്റെ അസാന്നിധ്യത്തില്‍ കിടക്കുഴി മറിയമ്മാള്‍ ആയിരുന്നു ഡീയ്ക്കൊപ്പം വേദിയിലുണ്ടായിരുന്നത്. പാട്ടിന്റെ രചന സന്തോഷ് നാരായണനാണ് എന്നായിരുന്നു പരിപാടിയില്‍ പറഞ്ഞത്. ഇതിനു പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം.

ഈ ​ഗാനം താന്‍ രചിക്കുകയും, പാടുകയും, അവതരിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു അറിവ് അവകാശപ്പെട്ടത്. മണിക്കൂറുകള്‍ക്ക് ശേഷം, ഗാനത്തിന്റെ സൃഷ്ടിയില്‍ തന്റെ പങ്ക് വെളിപ്പെടുത്തി നിര്‍മ്മാതാവ് സന്തോഷ് നാരായണനും രം​ഗത്തെത്തിയിരുന്നു. ഗാനത്തിന്റെ അവകാശം തനിക്കും ഡീക്കും അറിവിനും തുല്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇപ്പോളിതാ, വിഷയത്തില്‍ പ്രതികരണവുമായി ഡീയും രംഗത്ത് എത്തിയിട്ടുണ്ട്. പാട്ടിന്റെ എല്ലാ ഉടമസ്ഥാവകാശവും തങ്ങള്‍ മൂന്നുപേരും തുല്യമായി പങ്കിടുന്നുവെന്നാണ് ഡീ പറയുന്നത്. അറിവിന്റെ ശബ്ദം ഏറ്റവും ഉച്ചത്തില്‍ കേള്‍ക്കണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും അറിവിന് പറയാനുള്ളത് പ്രധാനപ്പെട്ടതാണെന്നും അത് എല്ലാവരും കേള്‍ക്കേണ്ടതാണെന്നും താന്‍ വിശ്വസിക്കുന്നുവെന്നും ഡീ ഇന്‍സ്റ്റാ​ഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

‘ഗാനത്തിന്റെ എല്ലാ വരുമാനവും ഉടമസ്ഥാവകാശവും ഞങ്ങള്‍ മൂന്നുപേരും തുല്യമായാണ് പങ്കിടുന്നത്. ഏതെങ്കിലും തരത്തിലുള്ള അസമത്വത്തെ അംഗീകരിക്കുകയാണെങ്കില്‍ ഞാന്‍ അതിന്റെ ഭാഗമാകില്ല. എന്‍ജോയ് എന്‍ജാമിയിലെ ഇരുവരുടെയും പ്രാധാന്യം ഞാന്‍ ഒരു ഘട്ടത്തിലും കുറയ്ക്കുകയോ താഴ്ത്തുകയോ ചെയ്തിട്ടില്ല. ഞാന്‍ അവരുടെ ജോലി ഹൈലൈറ്റ് ചെയ്യാന്‍ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ, ഓരോ ഘട്ടത്തിലും ഞാന്‍ അത് ചെയ്യുന്നു. ബാഹ്യ സ്രോതസ്സുകള്‍ ഞങ്ങളുടെ ഗാനം പങ്കിടുകയും പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്ന രീതിയില്‍ എനിക്ക് യാതൊരു നിയന്ത്രണവുമില്ല’, ഡീ ഇന്‍സ്റ്റാ​ഗ്രാമില്‍ കുറിച്ചു.

Related Articles

Latest Articles