Sunday, May 5, 2024
spot_img

ഈരാറ്റുപേട്ടയിൽ സിപിഎമ്മിന് പണി കൊടുക്കാനൊരുങ്ങി എസ്ഡിപിഐ ? ഞെട്ടലിൽ നേതൃത്വം

ഈരാറ്റുപേട്ടയിൽ സിപിഎമ്മിന് പണി കൊടുക്കാനൊരുങ്ങി എസ്ഡിപിഐ ? ഞെട്ടലിൽ നേതൃത്വം | CPM

ഈരാറ്റുപേട്ടയില്‍ സിപിഎമ്മിന് പണി കൊടുത്ത് എസ്ഡിപിഐ. നഗരസഭയില്‍ യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന ഇടതുപക്ഷം (LDF) ഒടുവില്‍ കാലുമാറി. യുഡിഎഫ് ക്യാമ്പില്‍ നിന്ന് ചിലരെ അടര്‍ത്താനുള്ള നീക്കം പാളിയതോടെയാണ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല എന്ന് ഇടതുപക്ഷം തീരുമാനിച്ചതത്രെ. എസ്ഡിപിഐയുമായി തയ്യാറാക്കിയ ധാരണ നടപ്പായാല്‍ യുഡിഎഫ് അത് രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന ആശങ്കയും എല്‍ഡിഎഫിനുണ്ടായി. യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസം പാസാക്കി ഭരണം പിടിക്കാനായിരുന്നു ഇടതുപക്ഷത്തിന്റെ തീരുമാനം. എന്നാല്‍ അവസാനം നടന്ന ചില ഇടപെടലുകള്‍ കാരണം തീരുമാനം മാറ്റുകയായിരുന്നു. ചില ധാരണകള്‍ ഉണ്ടായിരുന്നു എന്നാണ് എസ്ഡിപിഐ നേതാക്കള്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചത്.

മുസ്ലിം ലീഗിലെ സുഹറ അബ്ദുല്‍ ഖാദറായിരുന്നു ഈരാറ്റുപേട്ട (Erattupetta) നഗരസഭ ചെയര്‍പേഴ്‌സണ്‍. ഇവര്‍ക്കെതിരെ കഴിഞ്ഞ മാസമാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ 13ന് പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടന്നു. 15 വോട്ടുകള്‍ നേടി പ്രമേയം പാസായി. കോണ്‍ഗ്രസ് വിമതയുടെയും എസ്ഡിപിഐയുടെ 5 അംഗങ്ങളുടെയും പിന്തുണയോടെയാണ് പ്രമേയം പാസായത്.

28 സീറ്റുകളാണ് ഈരാറ്റുപേട്ട നഗരസഭയിലുള്ളത്. മുസ്ലിം ലീഗ് ഒമ്പത്, കോണ്‍ഗ്രസ് 3, വെല്‍ഫെയര്‍ പാര്‍ട്ടി രണ്ട് എന്നിങ്ങനെയാണ് യുഡിഎഫിലെ കക്ഷി നില. ഇതില്‍ കോണ്‍ഗ്രസ് അംഗമായിരുന്ന അല്‍സന പരീക്കുട്ടി അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. സിപിഎം 7, സിപിഐ, കേരള കോണ്‍ഗ്രസ് എം ഒന്ന് വീതം എന്നിങ്ങനെയായിരുന്നു എല്‍ഡിഎഫിലെ കക്ഷിനില. അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസ് വിമത അല്‍സിന പരീക്കുട്ടി ഒപ്പുവച്ചത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ശേഷം അവരെ കാണാതായി. പൂഞ്ഞാര്‍ എംഎല്‍എയും ഇടതു നേതാക്കളും അല്‍സിന പരീക്കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു യുഡിഎഫ് പ്രചാരണം. എംഎല്‍എയുടെ ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തുകയുമുണ്ടായി. വോട്ട് ദിവസം പ്രത്യക്ഷപ്പെട്ട അല്‍സിന പരീക്കുട്ടി തന്നെ ആരും തട്ടിക്കൊണ്ടുപോയില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു.

ഭരണസമിതി വീണതോടെ ഇനി ആര് അധികാരത്തിലേറുമെന്നതായിരുന്നു ചോദ്യം. വിമതയായി മറുകണ്ടം ചാടിയ അംഗത്തെ തിരിച്ചെത്തിക്കാന്‍ സാധിച്ചാല്‍ യുഡിഎഫിന് തന്നെ ഭരിക്കാം. എന്നാല്‍ എല്‍ഡിഎഫിന്റെ കാര്യം അങ്ങനെയല്ല. കോണ്‍ഗ്രസ് വിമതയുടെ പിന്തുണ ലഭിച്ചാലും 10 അംഗങ്ങളേ അവര്‍ക്കുണ്ടാകൂ. ഭരണം പിടിക്കാന്‍ ഇനിയും നാല് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. യുഡിഎഫ് ക്യാമ്പിലുള്ള ചിലരുടെ പിന്തുണ കിട്ടണം. അല്ലെങ്കില്‍ എസ്ഡിപിഐയുടെ പിന്തുണ ലഭിക്കണം.

Related Articles

Latest Articles