Wednesday, May 22, 2024
spot_img

നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം; പിഞ്ചുകുഞ്ഞിനോട് മനസാക്ഷിയില്ലാത്ത, ക്രൂരത കാട്ടിയത് അമ്മ തന്നെ!!!

കൊല്ലം: കരിയിലക്കൂനയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍, പ്രതി അമ്മ തന്നെയെന്ന് അനേഷണസംഘത്തിന്റെ കണ്ടെത്തല്‍. പരവൂർ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഇന്നലെയാണ് പ്രതിയായ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തത്. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമ സുദർശൻ പിള്ളയുടെ മകൾ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു.  ഡിഎൻഎ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേത് തന്നെയാണ് എന്ന് കണ്ടെത്തിയത്. പ്രസവിച്ചയുടൻ കുഞ്ഞിനെ രേഷ്മ ഉപേക്ഷിക്കുകയായിരുന്നു. പ്രസവ വിവരം വീട്ടുകാരിൽ നിന്നു പോലും യുവതി മറച്ചുവയ്ക്കുകയായിരുന്നു. കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് പിറ്റേന്ന് തന്നെ മരിച്ചിരുന്നു.

2021 ജനുവരി 5നായിരുന്നു സംഭവം നടന്നത്. നടയ്ക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള  വീടിന്റെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരു തോര്‍ത്തു മുണ്ടു കൊണ്ടു പോലും മൂടാതെയാണ് പൊക്കിള്‍ കൊടി പോലും മുറിയാത്ത കുഞ്ഞിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ചത്. തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കാനുളള ആസൂത്രിത നീക്കമാണിതെന്ന് പൊലീസ് അന്നേ പറഞ്ഞിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടുടമ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ദേഹമാസകലം കരിയിലയും പൊടിയും മുടിയ നിലയിലായിരുന്നു കുഞ്ഞ്.പൊലീസെത്തി കുട്ടിയെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൂന്നു കിലോ തൂക്കമുള്ള ആൺകുഞ്ഞിൻ്റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് പാരിപ്പള്ളിയിൽ നിന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് വിദഗ്ധ ചികിൽസയ്ക്കായി മാറ്റി. എന്നാൽ ഒരു രാത്രി മുഴുവൻ മഞ്ഞേറ്റ് മണ്ണിൽ കിടന്നത് കുഞ്ഞിൻ്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. അണുബാധയുണ്ടായതും സ്ഥിതി സങ്കീർണമാക്കി. തുടർന്നായിരുന്നു മരണം സംഭവിച്ചത്. 

മേഖലയിലെ മുഴുവന്‍ ആശുപത്രികളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. സംശയമുളള മുന്നൂറിലേറെ പേരില്‍ നിന്ന് മൊഴിയെടുത്തു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട രാത്രി മുഴുവന്‍ മേഖലയില്‍ ഉണ്ടായ ആയിരക്കണക്കിന് മൊബൈല്‍ ഫോണ്‍ സംഭാഷണ രേഖകളും പരിശോധിച്ചു. പക്ഷേ പിഞ്ചുകുഞ്ഞിനോട് മനസാക്ഷിയില്ലാത്ത ക്രൂരത കാട്ടിയവരെ കുറിച്ച് തരിമ്പു പോലും സൂചന കിട്ടിയില്ല. ശാസ്ത്രീയ അന്വേഷണത്തിന്‍റെ സാധ്യതകള്‍ പലതും പരീക്ഷിച്ചിട്ടും ക്രൂരത കാട്ടിയവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല എന്നത് അന്ന് വലിയ ചർച്ചയായിരുന്നു. ഉറ്റവരെത്തുമെന്ന്  കാത്ത് പിഞ്ചു  മൃതശരീരം ദിവസങ്ങളോളം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുളള പ്രത്യേക ടീം എട്ട് ചെറുസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles