Sunday, May 5, 2024
spot_img

ആര്‍ആര്‍ആര്‍ തിയേറ്ററിൽ കണ്ടുകൊണ്ടിരിക്കെ ആരാധകന് ദാരുണാന്ത്യം

അനന്തപുർ: ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്‌ത പുതിയ ചിത്രം ആർആർആർ തീയേറ്ററുകയിൽ നിറഞ്ഞ കൈയ്യടി വാങ്ങുമ്പോൾ തന്നെ ഒരു ദാരുണ വാർത്ത. സിനിമ കാണുന്നതിനിടെ ഒരു ആരാധകൻ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുപ്പതുകാരനായ ഒബുലേസു (30) ആണ് മരിച്ചത്. എന്നാൽ സുഹൃത്തുക്കൾ ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. അനന്തപുർ എസ്‍വി മാക്സില്‍ തിയേറ്ററിലായിരുന്നു സംഭവം.

പ്രഖ്യാപനം മുതൽ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയ ആർആർആറിൽ രാംചരൺ, ജൂനിയർ എൻടിആർ എന്നിവരാണ് നായകരായി എത്തുന്നത്. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന ‘ആര്‍ആര്‍ആറി’ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ബാഹുബലിക്ക് ശേഷം രാജമൗലി ഇറക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം രണ്ടേമുക്കാല്‍ വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ലോകത്താകമാനം 10,000 സ്‍ക്രീനുകളില്‍ ആണ് ‘ആര്‍ആര്‍ആര്‍’ റിലീസ് ചെയ്തത്.

1920 ല്‍ സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി നേതാക്കളായ അല്ലൂരി സീതാരാമ രാജു,കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്.

450 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ ഡിജിറ്റൽ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്‍പാനിഷ് തുടങ്ങി വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Related Articles

Latest Articles