തൃശ്ശൂര്‍ : തൃശ്ശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിന് പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് വര്‍ണക്കുടകളുയര്‍ത്തിയപ്പോൾ കാണികൾക്ക് ലഭിച്ചത് ഹൃദ്യമായ അനുഭവം. കുടകള്‍ക്ക് പുറമേ കോലങ്ങളും ഉയര്‍ത്തി പാറമേക്കാവ് പൂരനഗരിയെ ആവേശത്തിലാക്കിയപ്പോൾ വ്യത്യസ്തമായ കുടകളിലൂടെയാണ് തിരുവമ്പാടി കാഴ്ചക്കാരെ വിസ്മയിപ്പിച്ചത്.
ഒടുവില്‍ തേക്കിന്‍കാട് മൈതാനത്തെ ആവേശത്തിന്റെ പരകോടിയെത്തിച്ച് തിരുവമ്പാടി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ കുട ഉയര്‍ത്തി. ഗജവീരന്മാരുടെ മുകളിൽ മെസ്സിയുടെ കുട ഉയര്‍ന്നുനിന്നപ്പോള്‍ ആരാധകർ ആർത്ത് വിളിച്ചു. ചില ആരാധകർ ടീ ഷര്‍ട്ട് മുകളിലുയര്‍ത്തിയാണ് തങ്ങളുടെ ആവേശം പ്രകടിപ്പിച്ചത്. ഖത്തര്‍ ലോകകപ്പ് ഉയര്‍ത്തി നില്‍ക്കുന്ന മെസ്സിയുടെ ചിത്രമാണ് ആനപ്പുറത്ത് വര്‍ണവിസ്മയമൊരുക്കിയത്.

