തിരുവനന്തപുരം- സംസ്ഥാനത്തെ 15 മുത്തൂറ്റ് ശാഖകള്‍ ഇന്ന് അടച്ചുപൂട്ടും. മുത്തൂറ്റ് തന്നെയാണ് ഇക്കാര്യം പത്ര പരസ്യത്തിലൂടെ അറിയിച്ചത്. ഇന്ന് മുതല്‍ ഈ ബ്രാഞ്ചുകളില്‍ നിന്ന് പുതിയ സ്വര്‍ണപ്പണയ വായ്പകള്‍ ലഭ്യമാകില്ല. ഈ ബ്രഞ്ചുകളില്‍ സ്വര്‍ണം പണയം വച്ചവര്‍ക്ക് അക്കൗണ്ട് ക്ലോസ് ചെയ്ത് സ്വര്‍ണം തിരികെ വാങ്ങാന്‍ മൂന്ന് മാസത്തെ സാവകാശം മാത്രമാണ് മുത്തൂറ്റ് നല്‍കുന്നത്.
ശാഖകള്‍ പൂട്ടുന്നതിന്‍റെ കാരണം പരസ്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. എറണാകുളം കതൃക്കടവ്, പനങ്ങാട്, കങ്ങരപ്പടി, പൊന്നാരിമംഗലം, തിരുവനന്തപുരം ഉള്ളൂര്‍, പെരിങ്ങമല, പുനലൂര്‍, കൊട്ടാരക്കര, ഭരണിക്കാവ്, തെങ്ങണ,കുമളി കൊളുത്ത് പാലം, പതിരിപാല, പാലക്കാട് സുല്‍ത്താന്‍പേട്ട, കോട്ടക്കല്‍ ചങ്കുവെട്ടി,മലപ്പുറം എന്നീ ശാഖകളാണ് നിര്‍ത്തുന്നത്.
അതേസമയം മുത്തൂറ്റ് സമരം സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ പ്രഴ്‌നപരിഹാരത്തിനായി ഇന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച. തൊഴിലാളി സംഘടനാ പ്രതിനിധികളും മൂത്തൂറ്റ് ഫിനാന്‍സ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.
മുന്‍കാല ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ മാനേജ്‌മെന്‍റ് നടപ്പിലാക്കാത്തത് കൊണ്ടാണ് സമരമെന്നാണ് തൊഴിലാളികളുടെ പക്ഷം. സമരം തുടരുകയാണെങ്കില്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു.

