Friday, May 10, 2024
spot_img

ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് കേരളത്തിൽ സ്ഥിരീകരിച്ചിട്ട് രണ്ട് വർഷം; മൂന്നാം തരംഗത്തിൽ അരലക്ഷം രോഗികളുമായി ആശങ്കയിൽ സംസ്ഥാനം

രാജ്യത്തെ ആദ്യ കോവിഡ് കേസ് കേരളത്തിൽ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം (First Covid Case In India). ചൈനയിലെ വുഹാനിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ നമ്മുടെ നാട്ടിലേക്ക് ഒന്നും എത്തില്ലായിരിക്കുമെന്ന പ്രതീക്ഷകളായിരുന്നു ലോകത്തിന്റെ നാനാഭാഗത്തുള്ളവർക്ക്. ഏതാനും ദിവസങ്ങൾ പിന്നിട്ടതോടെ വുഹാനിൽ കേസുകൾ വർദ്ധിക്കുന്ന കാഴ്ച ലോകം കണ്ടു. അപ്പോഴും തെക്കേയറ്റത്തെ കൊച്ചു കേരളത്തിലാകും രാജ്യത്തെ ആദ്യ കോവിഡ് വൈറസ് കേസ് സ്ഥിരീകരിക്കുക എന്ന് ആരും കരുതിയില്ല.

എന്നാൽ കേരളത്തിലാണ് ഇന്ത്യയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിനിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് വൈറസിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും അരലക്ഷത്തിൽ കൂടുതൽ പ്രതിദിന രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഒന്നാം തരംഗത്തിന്റെ പ്രത്യാഘാതങ്ങൾ തീരുന്നതിന് മുമ്പായിരുന്നു രണ്ടാം തരംഗത്തിന്റെ പ്രവേശനം. അതിന്റെ ക്ഷീണം അവസാനിക്കുന്നതിന് മുമ്പേ ഇപ്പോൾ മൂന്നാം തരംഗവും. മരണനിരക്കും കേരളത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവുമധികം പേർ മരിക്കാനിടയായത് രണ്ടാം തരംഗത്തിലാണ്. മരണപ്പട്ടികയിൽ ഉൾപ്പെടുത്താതെ കേരളമൊളിപ്പിച്ച മരണങ്ങൾ അന്നുമുതലേ വിവാദമായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 50,812 പേര്‍ക്ക് ആണ് രോഗം റിപ്പോർട്ട് ചെയ്തത്. എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936, വയനാട് 1593, കാസര്‍ഗോഡ് 966 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്.

Related Articles

Latest Articles