Monday, May 6, 2024
spot_img

നമ്പർ വൺ കേരളം; ഭൂമി തരം മാറ്റാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയത് ഒരു വർഷം; ഒടുവിൽ ഗത്യന്തരമില്ലാതെ ഒരുമുഴം കയറിൽ ജീവനൊടുക്കി മത്സ്യത്തൊഴിലാളി

കൊച്ചി: ദുഷിച്ച ഭരണസംവിധാനവും കൈക്കൂലിയും കാരണം സഹികെട്ട മല്‍സ്യത്തൊഴിലാളി
ജീവനൊടുക്കി (Fisherman Suicide). പറവൂർ സ്വദേശിയാണ് ഗത്യന്തരമില്ലാതെ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്തത്. ഭൂമി തരം മാറ്റാന്‍ ഒരു വർഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു ഇയാൾ. ഇതിൽ മടുത്ത മല്‍സ്യത്തൊഴിലാളി മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തെന്നാണ് റിപ്പോർട്ട്. ഉടുമുണ്ടില്‍ തിരുകി വച്ച നിലയിലായിരുന്നു സജീവന്‍റെ ആത്മഹത്യാക്കുറിപ്പ്.

വീട്ടുപറമ്പിലെ മരക്കൊമ്പില്‍ ആണ് ഇയാൾ തൂങ്ങിമരിച്ചത്. ബാങ്ക് വായ്പ ലഭിക്കുന്നതിന് ,ആധാരത്തില്‍ നിലം എന്നത് പുരയിടം എന്നാക്കി മാറ്റാനിറങ്ങിയ സജീവനെ വിവിധ സർക്കാര്‍ ഓഫീസുകള്‍ വട്ടംകറക്കുകയായിരുന്നു മാല്യങ്കര കോഴിക്കൽ പറമ്പ് സ്വദേശിയാണ് സജീവന്‍. ഭാര്യയും രണ്ട് മക്കളും മരുമക്കളുമൊത്ത് താമസം. കുടുംബത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി പലയിടത്തു നിന്നും കടംവാങ്ങിയിരുന്നു. ഒടുവില്‍ പുരയിടം പണയംവച്ച് വായപെയടുത്ത് കടം വീട്ടാൻ ആധാരവുമായി ബാങ്കിലെത്തി.

അപ്പോഴാണ് ആധാരത്തില്‍ നിലം എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയിൽപെട്ടത്. പുരയിടം എന്നാക്കിയാലെ ബാങ്ക് വായ്പ ലഭിക്കൂ. പിന്നെ ഒരു വര്‍ഷമായി ഇതിനായുള്ള നെട്ടോട്ടത്തിലായിരുന്നു ഈ സാധാരണക്കാരൻ. വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, താലൂക്ക് ഓഫീസ് , ഒടുവില്‍ ഫോര്‍ട്ടുകൊച്ചിയിലെ ആര്‍ഡിഓ ഓഫീസ്.ഇവിടെയെല്ലാം കയറിയിറങ്ങി. പക്ഷെ സര്‍ക്കാർ ഉദ്യോഗസ്ഥര്‍ അങ്ങോട്ടും ഇങ്ങോട്ടും സജീവനെ തട്ടിക്കളിച്ചു.

ഒടുവില്‍ കഴിഞ്ഞ ദിവസം ആര്‍ഡിഓ ഓഫീസിലെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഈ നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും കൈക്കൂലിയുമാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പ് എഴുതി വെച്ച് ,ഒടുവില്‍ ഇതേ പുരയിടത്തിലെ മരക്കൊമ്പില്‍ ഒരു മുഴം കയറിൽ സജീവന്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കുടുംബം തങ്ങൾക്ക് നീതി കിട്ടണമെന്നും, ഇനിയാർക്കും ഇത്തരം ഒരു അനുഭവം ഉണ്ടാകാതിരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles