Tuesday, April 30, 2024
spot_img

തോക്കെടുത്തവൻ തോക്കാൽ…ഒഴിഞ്ഞത് ഉത്തർപ്രദേശ് പോലീസിന്റെ 18 വർഷം നീണ്ട തലവേദന

ലക്‌നൗ : യുപി പൊലീസ് ഏറ്റുമുട്ടലിൽ വധിച്ച മുൻ എംപിയും ഗുണ്ടാ നേതാവുമായ ആതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ്, അഭിഭാഷകൻ ഉമേഷ് പാൽ കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളി. ഇയാളെക്കൂടാതെ ഗുലാം എന്ന കൂട്ടാളിയെയും പോലീസ് ഏറ്റുമുട്ടലിനിടെ വധിച്ചു. ഡെപ്യൂട്ടി എസ്‌പിമാരായ നവേന്ദു, വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള എസ് ടി എഫ് സംഘമാണ് ഇരുവർക്കും കാലനായത്. നേരത്തെ പിടികിട്ടാപുള്ളികളായ ഇരുവരുടെയും തലയ്ക്ക് യുപി പൊലീസ് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

2005 ലാണ് ഉമേഷ് പാൽ എന്ന അഭിഭാഷകനെ പട്ടാപ്പകൽ പ്രയാഗ്രാജിലെ വീടിന് പുറത്ത് വച്ച് അസദ് വെടിവച്ചു കൊലപ്പെടുത്തിയത്. 2005 ൽ ബിഎസ്‌പി എംഎൽഎ രാജു പോളിന്റെ കൊലപാതക കേസിലെ സാക്ഷിയായിരുന്നു കൊല്ലപ്പെട്ട ഉമേഷ് പാൽ. ഇയാളുടെ സുരക്ഷാ ജീവനക്കാരനെയും പ്രതി തോക്കിനിരയാക്കി.

കൃത്യത്തിന് ശേഷം അസദ് അഹമ്മദ്, ലക്‌നൗവിലേക്ക് കടന്നു. പിന്നീട് കാൺപൂരിലും, മീററ്റിലും ദില്ലിയിലും ഇയാൾ ഒളിച്ചുകഴിഞ്ഞു. മധ്യപ്രദേശിലേക്ക് ഒളിച്ച് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഝാൻസിയിൽ വച്ച് പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്. ഇയാൾ വേഷം മാറിയാണ് നടന്നിരുന്നതെന്ന് പൊലീസ് പറയുന്നു. പിതാവ് ആതിഖ് അഹമ്മദിന്റെ ക്രിമിനൽ സംഘത്തിൽ നിന്നും കിട്ടിയ രഹസ്യ വിവരമാണ് പൊലീസിന് പിടിവള്ളിയായത്.

ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് യു.പി പൊലീസ് സംഘം ആതിഖ് അഹമ്മദിനെ ഗുജറാത്തിലെ സബർമതി ജയിലിൽനിന്ന് പ്രയാഗ്രാജിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സിജെഎം) കോടതിയിൽ ഹാജരാക്കാൻ ഇന്ന് കൊണ്ടുവന്നിരുന്നു. അതിനിടെയാണ് മകനെ പൊലീസ് കൊലപ്പെടുത്തിയത്. മരിച്ചവരിൽ നിന്ന് അത്യാധുനിക വിദേശ നിർമ്മിത ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. താനും കുടുംബാംഗങ്ങളും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ആതിഖ് അഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി ഹൈക്കോടതിയെ സമീപിക്കാനാണ് നിർദേശിച്ചത്.

ഉമേഷ് പാലിന്റെ ഭാര്യ ജയപാൽ നൽകിയ പരാതിയിൽ ആതിഖ് അഹമ്മദ് അടക്കം 16 പേർക്കെതിരെ കേസെടുത്തിരുന്നു. 2006ൽ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ മാർച്ച് 28ന് അഹമ്മദിനെയും മറ്റ് രണ്ട് പേരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇയാൾക്കെതിരെ ഇപ്പോൾ നൂറിലധികം ക്രിമിനൽ കേസുകളുണ്ട്. നേരത്തെ സംസ്ഥാനത്തെ ക്രിമിനലുകൾക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles