Sunday, May 19, 2024
spot_img

ഫ്രഞ്ച് പ്രതിരോധ മന്ത്രി ഇന്ന് ഇന്ത്യയിൽ; ആഗോള ഇസ്ലാമിക ഭീകരതയെ പിഴുതെറിയാൻ ശക്തമായ നീക്കങ്ങളുമായി ഇന്ത്യയും ഫ്രാൻസും

ദില്ലി: ഫ്രഞ്ച് പ്രതിരോധ മന്ത്രി (French Defence Minister) ഫ്ലോറൻസ് പാർലെ ഇന്ന് ഇന്ത്യയിലെത്തും. രാജ്യത്തെ ത്തുന്ന പ്രതിരോധ മന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പാർലെ കൂടിക്കാഴ്ച നടത്തും.

അതേസമയം റഫേലുകൾ നൽകിയതിന് പിന്നാലെ പ്രതിരോധ രംഗത്തും ആഗോള ഇസ്ലാമിക ഭീകരതയ്‌ക്കെതിരേയും ഇന്ത്യയുമായി ശക്തമായ സഹകരണം ഉറപ്പുവരുത്താനാണ് സന്ദർശനത്തിലൂടെ ഫ്രഞ്ച് ഭരണകൂടം ലക്ഷ്യമിടുന്നത്. പ്രതിരോധ മന്ത്രി ഫ്‌ലോറൻസ് പാർലേയുടെ ഇന്ത്യാ സന്ദർശനത്തിലാണ് സുപ്രധാന കരാറുകൾ ഒപ്പുവയ്‌ക്കുക.

ഇന്ന് ഇന്ത്യയിലെത്തുന്ന പാർലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി കരാറുകൾ ഒപ്പിടും. ഇന്ത്യയുമായി പ്രതിരോധ വാണിജ്യരംഗത്തിനപ്പുറം നേരിട്ട് പ്രതിരോധ രംഗത്തെ സംയുക്ത സൈനിക നീക്കങ്ങളാണ് ഫ്രാൻസ് പദ്ധതിയിടുന്നത്. ഇതിനൊപ്പം ഭീകരതയ്‌ക്കെതിരെ ശക്തമായ പങ്കാളിത്തത്തിനുള്ള കർമ്മ പദ്ധതിക്കും തുടക്കമിടുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ സ്വന്തം രാജ്യത്തും ആഗോളതലത്തിലുംകടുത്ത നിലപാടാണ് ഫ്രാൻസ് സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികളിലും ഇന്ത്യയുടെ സഹകരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കൂടിയാണ് സന്ദർശനം. ഇന്ത്യൻ നാവികസേനയുമായി ചേർന്ന് സമുദ്രസുരക്ഷയിലാണ് ഫ്രാൻസ് കൈകോർക്കുന്നത്. ഇന്തോ-പസഫിക് മേഖലയിലെ കരുത്തുറ്റ നാവിക സേനയാണ് ഇന്ത്യയുടേതെന്ന് ഫ്രാൻസ് പ്രതിരോധ മന്ത്രാലയം പ്രശംസിച്ചിരുന്നു.

ഇന്ത്യയിലെത്തുന്ന പാർലെ ഇന്ന് ദേശീയ യുദ്ധസ്മാരകം സന്ദർശിക്കും. തുടർന്ന് വിടപറഞ്ഞ സംയുക്തസൈനിക മേധാവി ബിപിൻ റാവത്തിന് ശ്രദ്ധാഞ്ജലിയർപ്പിക്കും.കഴിഞ്ഞ ഒരു വർഷത്തിനിടെ ഫ്രഞ്ച് ഭരണകൂടം കര-നാവിക-വ്യോമസേനാ രംഗത്ത് ഇന്ത്യയുമായി ചേർന്ന് നിരവധി സംയുക്ത സൈനിക അഭ്യാസം നടത്തിയിരുന്നു. ഇന്തോ-പസഫിക് മേഖല നിർണ്ണായകമാണെന്നതിനാൽ ഫ്രാൻസ് എല്ലാ സഹായവും ഇന്ത്യക്ക് വാഗ്ദ്ദാനം ചെയ്യ്തിരിക്കുകയാണ്. 2020ലാണ് പാർലെ അവസാനമായി ഇന്ത്യയിലെത്തിയത്.

Related Articles

Latest Articles