Thursday, May 2, 2024
spot_img

ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ടെൽ അവീവിൽ ; ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തും

ടെൽ അവീവ്: ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ടെൽ അവീവിൽ എത്തിച്ചേർന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഇമ്മാനുവൽ മാക്രോൺ ചർച്ച നടത്തും. ഇസ്രയേലിനുള്ള ഫ്രാൻസിന്റെ സമ്പൂർണ പിന്തുണ നെതന്യാഹുവിനെ അറിയിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

സംഘർഷം കൊടുമ്പിരികൊള്ളുന്ന മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ മുന്നോട്ടു വയ്ക്കുമെന്നും ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. ഇസ്രായേൽ കരയുദ്ധത്തിനു മുന്നൊരുക്കം നടത്തവേ, ഗാസയിലെ സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുമെന്നും ഇമ്മാനുവൽ മാക്രോണുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ഹമാസ് ഗാസയിൽ ബന്ദികളാക്കിയിട്ടുള്ള ഇരുന്നൂറിലധികം പേരുടെ മോചനത്തിനായുള്ള നയതന്ത്ര നീക്കങ്ങളും ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ ലക്ഷ്യമാണ്. കൂടാതെ, അതിരൂക്ഷമായി തുടരുന്ന സംഘർഷം യുദ്ധത്തിനു വഴിമാറാതിരിക്കാനുള്ള സമ്മർദ്ദ നീക്കങ്ങളും നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. നെതന്യാഹുവിനു പുറമെ ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ്, ഇസ്രായേലിലെ മുതിർന്ന നേതാക്കളായ ബെന്നി ഗാന്റ്സ്, യയിർ ലാപിഡ് എന്നിവരുമായും മാക്രോൺ ചർച്ച നടത്തും.

Related Articles

Latest Articles