Friday, April 19, 2024
spot_img

ഓം ഗം ഗണപതയേ നമ… വിഘ്നങ്ങളകറ്റുന്ന വിനായകൻ, ഇന്ന് വിനായക ചതുർത്ഥി; ആഘോഷങ്ങളെല്ലാം കോവിഡ് നിയന്ത്രങ്ങളോടെ

ഇന്ന് വിനായക ചതുർത്ഥി. ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനായാണ് ഭാരതത്തിൽ വിനായക ചതുര്‍ത്ഥി ആഘോഷിച്ച് പോരുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് ഗണപതി ഭഗവാൻ ജനിച്ചത്. ശിവന്റെയും പാര്‍വതിയുടേയും പുത്രനായ ഗണപതിയുടെ പിറന്നാളാണ് വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. ആനയുടെ തലയും ചെറിയ ബാലൻറെ ശരീരവുമായാണ്‌ ഗണപതിയുടെ രൂപം. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കാറുണ്ട്.

എന്നാൽ വിനായക ചതുർത്ഥി ഘോഷയാത്രകൾ ഇത്തവണയും കോവിഡ് പ്രതിരോധ മാനദണ്ഡം പാലിച്ചുമാത്രം. കളിമണ്ണിൽ തീർത്ത മഹാഗണപതി വിഗ്രഹങ്ങൾ എഴുന്നള്ളിച്ചു നൂറു കണക്കിനു ഭക്തർ ഗണേശ സ്തുതിയും ആർപ്പു വിളികളുമായി നീങ്ങുന്ന ഘോഷയാത്രകൾ രണ്ടാം വർഷവും ഇല്ല. ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുർഥി ദിവസമാണു വിനായക ചതുർത്ഥി. ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാന കർമങ്ങളോടെ പ്രതിഷ്ഠിക്കുകയും പൂജ നടത്തുകയും ചെയ്യുന്നു. മോദകം എന്ന പലഹാരം തയാറാക്കി ഗണപതിക്കു സമർപ്പിക്കുന്നു. രാവിലെ ഗണപതി വിഗ്രഹം ക്ഷേത്ര അങ്കണത്തിൽ വച്ച് പൂജ ചെയ്തു അന്നോ ഒൻപത് ദിവസത്തിനകമോ ഘോഷയാത്രയായി കൊണ്ടു പോയി ജലാശയങ്ങളിൽ നിമഞ്ജനം ചെയ്യുകയാണ് പതിവ്. എന്നാൽ ഇക്കുറിയും ഘോഷയാത്രയോ ജനങ്ങൾ കൂട്ടം കൂടുന്ന നിലയിലുള്ള ആഘോഷങ്ങളോ നടത്തരുതെന്നാണ് സർക്കാർ നിർദേശം.

വിനായക ചതുര്‍ത്ഥിയ്ക്ക് പിന്നിലെ ഐതിഹ്യം

ചതുര്‍ത്ഥി കാലത്ത് ഒരിക്കൽ ഗണപതിയുടെ നൃത്തം കണ്ട് ചന്ദ്രൻ പരിഹസിച്ചുവത്രെ. കുടവയറും താങ്ങിയുള്ള ഗണപതിയുടെ നൃത്തത്തെയാണ് ചന്ദ്രൻ കളിയാക്കിയത്. ഒട്ടും മടിച്ചില്ല തന്നെ കളിയാക്കിയ ചന്ദ്രനെ ചതുർഥിയിൽ നോക്കുന്നവർക്കെല്ലാം വിഷമം ഉണ്ടാവട്ടെയെന്ന് ഗണപതിയും നൽകി ഒരു ശാപം. ശാപകഥയറിയാതെ ഭഗവാൻ മഹാവിഷ്ണുവും ചന്ദ്രനെ നോക്കി ഗണേശ ശാപത്തിനിരയായി. ഏറെ വിഷമിച്ച വിഷ്ണു ഭഗവാന്‍ പരമശിവൻറെ മുന്നില്‍ ചെന്ന് സഹായമഭ്യര്‍ത്ഥിച്ചു ചെന്നുവെന്നും ബുദ്ധിമുട്ട് മനസിലാക്കിയ ശിവൻ മഹാവിഷ്ണുവിനോട് ഗണപതീവ്രതം അനുഷ്ഠിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പരമശിവന്‍ പറഞ്ഞതുപോലെ തന്നെ വിഷ്ണു ഗണപതീവ്രതമനുഷ്ഠിച്ചു സങ്കടങ്ങള്‍ മാറ്റി. ഇതാണ് വിനായക ചതുര്‍ത്ഥി ദിനത്തിൻ്റെ ഐതീഹ്യം. ശുക്ല ചതുർത്ഥിയിൽ തുടങ്ങി ആനന്ദചതുർദശിയിലാണ് വിനായക ചതുർഥി ആഘോഷിക്കുന്നത്.

ഇതോടൊപ്പം തന്നെ പണ്ട് പാർവ്വതിയെ കാണാനെത്തിയ പരമശിവനെ തൻറെ പിതാവാണെന്ന് അറിയാതെ തടഞ്ഞ ഗണപതി. യുദ്ധം ചെയ്യുകയും ഒടുവിൽ മഹാവിഷ്ണു തൻറെ സുദർശന ചക്രത്തിൽ തല ചേദിച്ചുവെന്നും. പാർവ്വതി വിലപിച്ചുവെന്നും അപ്പോഴവിടെ വന്ന ആനക്കൂട്ടിയുടെ തല ഭഗവാന് വെയ്ക്കുകയായിരുന്നെന്നും മറ്റൊരു കഥയുമുണ്ട്. അതും ഗണേശ ജയന്തിക്ക് പിന്നിലെ ഒരു ഐതിഹ്യമാണ്.

ഇങ്ങിനെ പല ഐതീഹ്യങ്ങളും വിനായക ചതുർത്ഥിയ്ക്ക് പിന്നിലുണ്ട്. കേരളത്തിൽ കൊട്ടാരക്കര,മള്ളിയൂർ, വാഴപ്പിള്ളി, പഴവങ്ങാടി തുടങ്ങി പ്രസിദ്ധമായ നിരവധി ഗണപതി ക്ഷേത്രങ്ങളിൽ ചതുർഥി ദിനങ്ങളിൽ വിശേഷാൽ പൂജകളും ചടങ്ങും നടക്കും.എന്നാൽ കേരളത്തിലേക്കാള്‍ വിനായ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് നടക്കാറുള്ളത്.
ഗണപതി ക്ഷേത്രങ്ങളില്‍ ആനയൂട്ട് ഉള്‍പ്പെടെയുള്ള പരിപാടികളാണ് സംഘടിപ്പിക്കപ്പെടാറുള്ളത്. പ്രത്യേക പൂജകളും വിനായക ചതുര്‍ത്ഥി ദിനത്തില്‍ നടത്തി വരാറുണ്ട്. എങ്കില്‍പ്പോലും കേരളത്തില്‍ ഗണപതി ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണ് വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍. മഹാരാഷ്ട്രയിലാണ് വിപുലമായി വിനായക ചതുര്‍ത്ഥി ആഘോഷിച്ച് വരുന്നത്. പില്‍ക്കാലത്ത് ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

നേരത്തെ വിനായക ചതുര്‍ത്ഥിക്ക് പൂജിക്കാനുള്ള വിഗ്രഹങ്ങള്‍ കളിമണ്ണിലായിരുന്നു നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ വിഗ്രഹങ്ങള്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസിലേക്ക് മാറിയിട്ടുണ്ട്. അത്യാകര്‍ഷമായ ചായം പൂശിയ വിഗ്രഹങ്ങളാണ് പൂജിച്ച് ഘോഷയാത്രയായി ജലാശയങ്ങളില്‍ നിമജ്ഞനം ചെയ്യുന്നത്. ആടയാഭരണങ്ങള്‍ അണിയിച്ച ശേഷമാണ് ഒമ്പത് ദിവസത്തോളം വിഗ്രഹങ്ങള്‍ പൂജിക്കുന്നത്. ഈ വിനായക ചതുർത്ഥി ദിവസം ഗണേശൻ നിങ്ങൾക്കായി ഭൂമിയിൽ വന്നുകൊണ്ട് നിങ്ങളുടെ ജീവിതം മനോഹരമാക്കാനായി നിങ്ങളിലെ പ്രയാസങ്ങളെ തുടച്ചു മാറ്റട്ടെ.

Related Articles

Latest Articles