Thursday, May 9, 2024
spot_img

കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് ; ഇനി തരൂർ – ഖാര്‍ഗെ പോരാട്ടം

ദില്ലി : തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മിലുള്ള തുറന്ന പോരാട്ടം ഇന്ന് മുതൽ ആരംഭിക്കും . കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്. മത്സരത്തില്‍ നിന്നും പിന്മാറിയേക്കുമെന്ന അഭ്യൂഹം ശശി തരൂര്‍ തള്ളിക്കളഞ്ഞതോടെയാണ് തുറന്ന പോരാട്ടത്തിന് അവസരമൊരുങ്ങുന്നത്. ഈ മാസം 17 നാണ് വോട്ടെടുപ്പ്.

വൻ പ്രചരണങ്ങളാണ് ഇരുസ്ഥാനാർത്ഥികളും നടത്തുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന് ഒമ്പത് ദിവസം ശേഷിക്കെ പരമാവധി സംസ്ഥാനങ്ങളിലെത്തി പ്രചാരണം നടത്താനാണ് സ്ഥാനാര്‍ത്ഥികളുടെ തീരുമാനം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഇന്നത്തെ പ്രചാരണപരിപാടികള്‍ ആന്ധ്രാ പ്രദേശിലും തെലങ്കാനയിലുമാണ്. ഖാര്‍ഗെയ്ക്കു വേണ്ടി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. ഖാർഗേ പിസിസി ഓഫീസുകളിലെത്തി വോട്ടര്‍മാരുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് സൂചനകൾ.

ദില്ലിയിലുള്ള ശശി തരൂര്‍ പ്രവര്‍ത്തകരേയും നേതാക്കളേയും കാണും. ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലാണ് തരൂർ പ്രചരണം നടത്തുന്നത്. മുതിർന്ന നേതാക്കളുടെ അപ്രീതി ഒഴിവാക്കാൻ പലരും പരസ്യമായി തന്നെ പിന്തുണക്കാൻ മടിച്ചേക്കുമെങ്കിലും രഹസ്യ വോട്ടെടുപ്പായതിനാൽ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് തരൂർ വിഭാഗം. പദവികളിൽ ഇരിക്കുന്ന നേതാക്കൾ ഖാർഗെയ്ക്ക് പരസ്യ പിന്തുണ നൽകുന്നതിനെതിരെ തരൂർ പക്ഷം തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് പരാതി നൽകിയേക്കുമെന്നും സൂചനകളുണ്ട്.

Related Articles

Latest Articles