Wednesday, May 1, 2024
spot_img

വീരവണക്കം സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്; മരിക്കാത്ത ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്

ദില്ലി: ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ്. കഴിഞ്ഞ വർഷം ഡിസംബർ 8ന് തമിഴ്‌നാട് കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് വീരമൃത്യു വരിച്ചത്. അപകടത്തിൽ അദ്ദേഹത്തോടൊപ്പം ഭാര്യയും മരിച്ചിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന 12 സൈനികരും വീരമൃത്യു വരിച്ചു. സർജിക്കൽ സ്‌ട്രൈക്കുകളുൾപ്പെടെ സുപ്രധാന സൈനിക നീക്കങ്ങൾക്ക് ചുക്കാൻപിടിച്ച വ്യക്തിയായിരുന്നു ജനറൽ ബിപിൻ റാവത്ത്. അദ്ദേഹത്തെ ആദരവോടെ ഓർക്കുകയാണ് രാജ്യം.

ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്ത്​, ബ്രിഗേഡിയർ ലിദ്ദർ, ലഫ്​റ്റനന്‍റ്​ കേണൽ ഹർജിന്ദർ സിങ്​, നായിക്​ ഗുരുസേവക്​ സിങ്​, നായിക്​ ജിതേന്ദ്ര കുമാർ, ലാൻസ്​നായിക്​ വിവേക്​ കുമാർ, ലാൻസ്​നായിക്​ ബി. സായി തേജ, ഹവിൽദാർ സത്​പാൽ എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ട്ടമായത്. കരസേനാ മേധാവി സ്ഥാനത്തു നിന്നും വിരമിക്കാനിരിക്കെയാണ് കേന്ദ്ര മന്ത്രിസഭ അദ്ദേഹത്തെ സംയുക്ത സേനാ മേധാവിയായി നിയമിച്ചത് (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്-സിഡിഎസ്). മൂന്ന് വർഷത്തേക്കായിരുന്നു നിയമനം.

2017 ഡിസംബർ 17 നാണ് രാജ്യത്തെ 27-ാമത് കരസേനാ മേധാവിയായി ബിപിൻ റാവത്ത് ചുമതല ഏറ്റെടുത്തത്. ബിപിൻ റാവത്തിന്റെ പിതാവ് സേവനം അനുഷ്ടിച്ചിരുന്ന അതേ ബറ്റാലിയനിലാണ് അദ്ദേഹവും സൈനിക ജീവിതം ആരംഭിച്ചത്. 1978-ൽ 11 ഗൂർഖ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിൽ അദ്ദേഹം ചേർന്നു. നാഷ്ണൽ ഡിഫൻസ് അക്കാദമി (എൻ‌ഡി‌എ), ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐ‌എം‌എ) എന്നിവയിലെ പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം. രാജ്യത്തെ ഏറ്റവും ദുർഘടമായ വടക്ക്-കിഴക്കൻ സൈനിക മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാമെഡൽ, യുദ്ധ് സേവാ മെഡൽ,സേനാ മെഡൽ തുടങ്ങിയ സൈനിക ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്ന് രാജ്യത്തിന്റെ കാവലായിരുന്ന അദ്ദേഹത്തെ പ്രാർത്ഥനകളോടെ ഓർക്കുകയാണ് ജനങ്ങൾ.

Related Articles

Latest Articles