പനാജി: ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടിയാണ് കോൺഗ്രസ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. മുതിർന്ന നേതാക്കളുൾപ്പെടെ കോൺഗ്രസിൽ നിന്നും പദവികൾ രാജി വച്ച് മറ്റ് പാർട്ടികളിൽ ചേക്കേറുകയാണ്. ഇപ്പോഴിതാ പ്രവർത്തകരിൽ വിശ്വാസമില്ലാത്തതു മൂലം സ്ഥാനാർത്ഥികളെ ദൈവത്തിന് മുന്നിൽ സത്യം ചെയ്യിക്കുകയാണ് നേതാക്കൾ. ഗോവയിലാണ് സംഭവം (Goa Congress). ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളെക്കൊണ്ട് സത്യം ചെയ്യിച്ച് കോണ്‍ഗ്രസ്. ക്ഷേത്രങ്ങളിലും ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലീം പള്ളികളിലുമായി 36 സ്ഥാനാര്‍ത്ഥികളാണ് ഇത്തരത്തില്‍ പ്രതിജ്ഞ ചൊല്ലിയത്.
തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയോടും ജനങ്ങളോടും വിധേയപ്പെടും എന്ന പ്രതിജ്ഞയാണ് സ്ഥാനാര്‍ത്ഥികള്‍ ചൊല്ലിയത്. പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെയും കൊങ്കണിയിലെ ബാംബോലിം ക്രോസിലുമെത്തി കൈകൂപ്പി വണങ്ങിയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം തുടരുമെന്ന് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞത്. പാര്‍ട്ടിയ്ക്കൊപ്പം ഏത് സാഹചര്യത്തിലും അടിയുറച്ച് നില്‍ക്കുമെന്നും പ്രതിജ്ഞയില്‍ പറയുന്നു. അതേസമയം ഗോവ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർണയത്തിൽ ഇത്തവണ അതീവ ജാഗ്രത പുലർത്തിയെന്നും കോൺഗ്രസ് നേതാവ് ദിഗംബർ കാമത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഗോവക്കാര്‍ സാമുദായിക സൗഹാര്‍ദ്ദത്തിന് പേരുകേട്ടവരാണെന്നും മഹാലക്ഷ്മിയുടെ മുന്നില്‍ വച്ച് അഞ്ച് വര്‍ഷം ഒരുമിച്ച് നില്‍ക്കുമെന്ന് തങ്ങള്‍ പ്രതിജ്ഞയെടുത്തുവെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവുമായ ദിഗംബര്‍ കാമത്ത് പറഞ്ഞു. 36 പേര് വന്നിട്ടുണ്ട്. കത്തോലിക്കാ സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ ശക്തമായ ആരാധനാലയമായി കണക്കാക്കപ്പെടുന്ന മഹാലക്ഷ്മിയുടെയും ബാംബോലിം കുരിശിന്റെയും മുമ്പാകെ അവര്‍ സത്യപ്രതിജ്ഞ ചെയ്തു, കാമത്ത് പറഞ്ഞു.

