മുംബൈ: ബിആർ ചോപ്രയുടെ മഹാഭാരതം സീരിയലില്‍ ശകുനിയുടെ വേഷം ചെയ്ത പ്രശസ്ത നടൻ ഗുഫി പെയ്ന്റൽ അന്തരിച്ചു.79 വയസ്സായിരുന്നു.വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം.തിങ്കളാഴ്ച രാവിലെ മുംബൈയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ.അടുത്തിടെയായി ആരോഗ്യനില മോശമായതിനാല്‍ മെയ് 31 മുതല്‍ ഇദ്ദേഹം ആശുപത്രിയിലായിരുന്നു.
സംവിധായകന്‍ കൂടിയായിരുന്നു ഗുഫി പെയ്ന്റൽ.ശ്രീ ചൈതന്യ മഹാപ്രഭു എന്ന ചിത്രമാണ് ഇദ്ദേഹം സംവിധാനം ചെയ്ത പ്രധാന ചിത്രം. മഹാഭാരതം സീരിയല്‍ നിര്‍മ്മാതാക്കളായ ബിആര്‍ ചോപ്ര ഫിലിംസില്‍ അസോസിയേറ്റ് ഡയറക്ടര്‍, കാസ്റ്റിംഗ് ഡയറക്ടര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോലികളും ഇദ്ദേഹം ചെയ്തിട്ടുണ്ട്.ദില്ലഗി (1978), ദേസ് പർദെസ് (1978), ദാവ (1997), സാമ്രാട്ട് & കോ (2014) എന്നിവയാണ് ഗുഫി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. മഹാഭാരതത്തിനു പുറമേ, ഭാരത് കാ വീർ പുത്ര – മഹാറാണ പ്രതാപ്, മിസിസ് കൗശിക് കി പാഞ്ച് ബഹുയിൻ, കർമ്മഫല് ദാതാ ഷാനി, കർൺ സംഗിനി തുടങ്ങിയ ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

