Tuesday, April 30, 2024
spot_img

സർക്കാർ ഉദ്യോഗസ്ഥരാണോ ?? നിങ്ങൾക്ക് യൂട്യൂബ് ചാനൽ നിഷിദ്ധം !!
സർക്കാർ ജീവനക്കാർ യുട്യൂബ് ചാനൽ തുടങ്ങരുതെന്ന് ഉത്തരവ്

തിരുവനന്തപുരം : സർക്കാർ ജീവനക്കാർ യൂ ട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന ഉത്തരവുമായി സംസ്ഥാന സർക്കാർ. സര്‍ക്കാര്‍ ഇതര വരുമാനമുണ്ടാക്കാനുള്ള ജോലി ചെയ്യരുതെന്ന ചട്ടം നിലവിലുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് ഉത്തരവിറങ്ങിയത്. അതേസമയം സംസ്ഥാനത്ത് ഒട്ടേറെ ഉദ്യോഗസ്ഥരാണ് നിലവില്‍ യൂട്യൂബ് ചാനല്‍ നടത്തി അധികവരുമാനം കണ്ടെത്തുന്നത്.

സമൂഹ മാദ്ധ്യമങ്ങളിൽ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനവും ക്രിയാത്മക സ്വാതന്ത്ര്യവുമായി കണക്കാക്കാമെങ്കിലും യൂട്യൂബ് ചാനല്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ഈ മാസം ആദ്യം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. യൂട്യൂബ് വഴി സാമ്പത്തിക നേട്ടമുണ്ടാവുമെന്നും ഇത് 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും ഉത്തരവില്‍ പറയുന്നു. സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാനുള്ള അനുമതി തേടി അഗ്നിരക്ഷാ സേനാംഗം ഡിജിപി വഴി നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തരവകുപ്പിൻെറ ഉത്തരവ്. എന്നാൽ സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളുടെ ഔദ്യോഗിക യൂട്യൂബ് ചാനലുകള്‍ക്ക് നിയന്ത്രണം ഉണ്ടാവാനിടയില്ല.

Related Articles

Latest Articles