Thursday, May 9, 2024
spot_img

മലക്കം മറിഞ്ഞ് സര്‍ക്കാര്‍; സ്കൂള്‍ സമയമാറ്റത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി, യൂണിഫോം എന്തുവേണമെന്ന് അതാത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം

തിരുവനന്തപുരം: സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതിയിൽ മലക്കം മറിഞ്ഞ് സംസ്ഥാന സർക്കാർ . സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു .രാവിലെ എട്ടുമണിമുതല്‍ ഒരുമണിവരെ എന്ന നിര്‍ദേശം വന്നിട്ടുണ്ടെങ്കിലും അതൊരു തീരുമാനമായി എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.പൊതു യൂണിഫോം നടപ്പിലാക്കുന്ന കാര്യത്തിലും നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

യൂണിഫോം എന്തുവേണമെന്ന് അതാത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. മിക്‌സഡ് സ്‌കൂളുകള്‍ ആക്കിമാറ്റുന്നതിലും സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു.പാഠപുസ്തക പരിഷ്‌കരണം സംബന്ധിച്ച് എല്ലാ വിഭാഗങ്ങളുമായും ആലോചിച്ച് അഭിപ്രായരൂപീകരണം നടത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും മന്ത്രി പറഞ്ഞു.പാഠ്യപദ്ധതി ചട്ടക്കൂടുമായി ബന്ധപ്പെട്ട് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ കേരള പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരടും കൈപുസ്തകങ്ങളും സമൂഹത്തില്‍ വലിയ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നുവെന്ന് എന്‍.ഷംസുദ്ദീന്‍ സഭയില്‍ പറഞ്ഞു.

Related Articles

Latest Articles