തിരുവനന്തപുരം: കേരളത്തിലെ മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാന സർക്കാരിന്റെ സമീപനം ഒരുപോലെയല്ലെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. ഹിന്ദു വിശ്വാസത്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ഉയർന്നിട്ടും സർക്കാർ ശക്തമായ നിയമനടപടി സ്വീകരിക്കുന്നില്ലെന്നും, ഇത് സർക്കാരിന്റെ ഇരട്ടത്താപ്പിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
വി.ഡി. സതീശൻ സർക്കാരിന്റെ 100 ദിവസം പൂർത്തിയാകുമ്പോഴും സംസ്ഥാനത്ത് കാര്യമായ മാറ്റമോ വികസനമോ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഫലപ്രദമായ നടപടികളോ ഉണ്ടായിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ‘ഇത് മാറ്റത്തിന്റെയും വികസനത്തിന്റെയും 100 ദിവസങ്ങളല്ല, അപകഡം പോളിറ്റിക്സിന്റെ 100 ദിവസങ്ങളാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ഹിന്ദു വിശ്വാസത്തിനെതിരായ പരാമർശങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടാണ് രാജീവ് ചന്ദ്രശേഖർ പ്രധാനമായും ചോദ്യം ചെയ്തത്. സണ്ണി എം. കപിക്കാട് ഉൾപ്പെടെയുള്ളവരുടെ വിവാദ പരാമർശങ്ങളിൽ നിയമനടപടി സ്വീകരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന മൗനം എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
“മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ദേവസ്വം മന്ത്രി കെ. മുരളീധരനും ഹിന്ദു വിശ്വാസത്തിനെതിരായ വിദ്വേഷ പ്രസംഗങ്ങളിൽ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലേ?” എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ചോദ്യം.
ശബരിമലയിലെ സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയതെന്നും, അധികാരത്തിലെത്തിയ ശേഷം ശബരിമലയെയും അയ്യപ്പവിശ്വാസത്തെയും മറന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിശ്വാസം സംരക്ഷിക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിനെ പിന്തുണച്ച ആയിരക്കണക്കിന് ഹിന്ദു വോട്ടർമാരെ സർക്കാർ വഞ്ചിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സർക്കാരിന്റെ ആദ്യ 100 ദിവസത്തെ വിലയിരുത്തുമ്പോൾ സാധാരണ ജനങ്ങൾക്ക് നേരിട്ട് ഗുണം ചെയ്യുന്ന പദ്ധതികളേക്കാൾ ‘പ്രീണനത്തിന്റെയും ഇരട്ടത്താപ്പിന്റെയും രാഷ്ട്രീയമാണ്’ മുന്നിൽ കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന് സർക്കാർ പ്രോത്സാഹനം നൽകുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി.
മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കാനാകില്ലെന്നും, ഇത്തരം പരാമർശങ്ങൾക്കെതിരെ നിയമം ശക്തമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ വലിയൊരു വിഭാഗം ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് സണ്ണി എം. കപിക്കാടിനെതിരെ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
മതവിശ്വാസവുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് എന്താണ്? നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണോ, അതോ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് പ്രതികരണം മാറുന്നുണ്ടോ? എന്ന ചോദ്യമാണ് രാജീവ് ചന്ദ്രശേഖറിന്റെ ആരോപണത്തോടെ വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നത്.

