Friday, May 10, 2024
spot_img

“വാഹനത്തിന് അടുത്തുവന്ന് പ്രതിഷേധിച്ചാൽ വാഹനം നിർത്തി പുറത്തിറങ്ങും ! ഗുണ്ടകളോടും സാമൂഹ്യവിരുദ്ധരോടും സന്ധിയില്ല!” ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെത്തും; കനത്ത സുരക്ഷയൊരുക്കി പോലീസ്

ദില്ലി : സർവകലാശാലകളുടെ ക്യാമ്പസുകളിൽ കാല് കുത്താൻ അനുവദിക്കില്ലെന്ന എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെത്തും. പ്രതിഷേധക്കാരെ ഭയക്കുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാഹനത്തിന് അടുത്തുവന്ന് പ്രതിഷേധിച്ചാൽ താൻ വാഹനം നിർത്തി പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

“കരിങ്കൊടി കാണിക്കുന്നത് തുടരുമെന്നും എന്നാൽ തന്നെ തടയാൻ ഒരു ശ്രമവും ഉണ്ടാകില്ലെന്നും അവർ ഔദ്യോ​ഗികമായി വ്യക്തമാക്കികഴിഞ്ഞു. അത് വ്യക്തമാക്കുന്നതുതന്നെ എന്റെ വഴി തടഞ്ഞുവെന്നാണ്. അവർ തന്നെ സമ്മതിച്ചു. അതൊരു കുറ്റമല്ലേ? ഈ കാര്യങ്ങൾ ഞാൻ കാര്യമാക്കുന്നില്ല. അംഗീകരിക്കാത്ത ഒരേയൊരു കാര്യം ഭീഷണിപ്പെടുത്തൽ മാത്രമാണ്.

ആദ്യ ദിവസം അവർ ഒരുപാട് ധൈര്യം കാണിച്ചു. ഇപ്പോൾ അവർ പറയുന്നത് ദൂരെ നിന്നേ കരിങ്കൊടി കാണിക്കൂ എന്നാണ്. പക്ഷേ, അവർ എന്റെ കാറിന്റെ അടുത്തുവന്നാൽ ഞാൻ വാഹനം നിർത്തി ഇറങ്ങും. അവർക്ക് വേണ്ടത് പോലെ ചെയ്യാൻ എന്നെ നിർബന്ധിക്കാനാവില്ല. യൂണിവേഴ്സിറ്റി ക്യാമ്പസിൽ താൻ താമസിക്കും. സുരക്ഷയെ കുറിച്ച് എനിക്ക് പേടിയില്ല. പരാതിപ്പെട്ടിട്ടുമില്ല. മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തേക്ക് പോകാൻ അവർ ആരെയെങ്കിലും അനുവദിക്കുമോ?

ഗവർണറെ ചാൻസലറാക്കിയാണ് യുജിസി ചട്ടങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ അവർ സെലക്ഷൻ കമ്മിറ്റിയുടെ ഘടന മാറ്റാൻ ശ്രമിക്കുന്നു. ഘടനാ മാറ്റം പോലും ഒരു പ്രശ്നമല്ല. ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിൽ പാനൽ തയ്യാറാക്കണമെന്നാണ് അവരുടെ ആവശ്യം. ചാൻസലറെ റബ്ബർ സ്റ്റാമ്പാക്കാനുള്ള ശ്രമം അം​ഗീകരിക്കില്ല” – ഗവർണർ പറഞ്ഞു.

സർവ്വകലാശാല ഗസ്റ്റ്ഹൗസിൽ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച ക്യാമ്പസിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഗവർണർക്കായി ഒരുക്കിയിരിക്കുന്നത്. ഗവർണറുടെ കമാൻഡോ വിങ് അംഗങ്ങളുടെ എണ്ണം കൂട്ടി. അധികമായി മൂന്ന് പൈലറ്റ് വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. ഗവർണറുടെ വാഹനത്തിന് ഇരുവശത്തും പൊലീസ് വാഹനങ്ങളുണ്ടാകും. അകമ്പടിയായി 15 വാഹനങ്ങളും. റോഡിന് ഇരുവശത്തും പോലീസ് സന്നാഹമുണ്ടാകും. പ്രധാന റൂട്ടിന് പുറമെ രണ്ട് രഹസ്യ റൂട്ടുകളും ഒരുക്കും. പ്രതിഷേധക്കാരെ കണ്ടാൽ കരുതൽ തടങ്കലിലാക്കും. ഗവർണ്ണർ പങ്കെടുക്കുന്ന പരിപാടി വേദികളിലും രാജ്ഭവന് ചുറ്റും ‘റിങ് സുരക്ഷ’യൊരുക്കുകയും ചെയ്യും.

Related Articles

Latest Articles