തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രപതി ഒപ്പുവച്ച നിയമം സംരക്ഷിക്കുകയാണ് തന്റെ കടമ.
പൗരത്വത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ പാര്‍ലമെന്റിനു മാത്രമാണ് അധികാരം. നിയമസഭയുടെ പരിധിക്ക് പുറത്തുള്ള വിഷയമാണ് ഇത്. ഇക്കാര്യം നിയമസഭ ചര്‍ച്ച ചെയ്യാന്‍ പാടില്ലായിരുന്നു. നിയമം സസ്‌പെന്‍ഡ് ചെയ്തിട്ടു വേണമായിരുന്നു പ്രമേയം പാസാക്കാനെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനാ സംവിധാനത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രശ്‌നമല്ല, എന്നാല്‍ നിയമങ്ങള്‍ പാലിക്കാത്തതാണ് വിഷയം. ഒരു ഉത്തരവ് ഇറക്കുന്നതിന് മുന്പ് ഗവര്‍ണറെ അറിയിക്കുക മുഖ്യമന്ത്രിയുടെ കടമയാണ്. കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്രവുമായി തര്‍ക്കമുള്ള കാര്യങ്ങളും ഗവര്‍ണറെ അറിയിക്കണമെന്നതാണ് ഫെഡറല്‍ സംവിധാനത്തിലെ ചട്ടമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലെ മുതിര്‍ന്ന ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് വിശദീകരണം തേടിയശേഷമാണ് താന്‍ ഇക്കാര്യത്തില്‍ മറുപടി പറയുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരേ പ്രമേയം പാസാക്കന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോയെന്നത് ഇനി സുപ്രീം കോടതി തീരുമാനിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

