Tuesday, April 30, 2024
spot_img

ആരോഗ്യസ്ഥിതി മോശം;ദില്ലി മുൻ മന്ത്രി സത്യേന്ദ്ര ജയിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ദില്ലി: ദില്ലി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 11ന് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അനുമതിയില്ലാതെ ഡല്‍ഹി വിടരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നുമുള്‍പ്പടെയുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ആറാഴ്ചത്തെ ജാമ്യമാണ് സുപ്രീംകോടതി അനുവദിച്ചത്. കൂടാതെ സത്യേന്ദ്ര ജെയിനിന് താത്പര്യമുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാനുള്ള അനുമതിയും കോടതി നല്‍കി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ചികിത്സയുമായി ബന്ധപ്പെട്ട് പ്രസക്തമായ എല്ലാ രേഖകളും കോടതിക്കുമുമ്പാകെ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

കഴിഞ്ഞ ദിവസം തിഹാര്‍ ജയിലിലെ ശുചിമുറിയില്‍ സത്യേന്ദ്ര ജെയിന്‍ കുഴഞ്ഞുവീണിരുന്നു. വീഴ്ചയില്‍ പരിക്കേറ്റ സത്യേന്ദ്ര ജെയിനിനെ ആദ്യം ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലും പിന്നീട് ലോക് നായക് ജയപ്രകാശ് നാരായണന്‍ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരാഴ്ചയ്ക്കിടെ രണ്ട് തവണയാണ് സത്യേന്ദ്ര ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അഴിമതിക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് ജെയിനിനെ അറസ്റ്റ് ചെയ്യുന്നത്.

Related Articles

Latest Articles