Friday, April 26, 2024
spot_img

ശബരിമലയില്‍ നാണയക്കൂമ്പാരം;എണ്ണാന്‍ യന്ത്രസഹായം വേണമെന്ന് ജീവനക്കാര്‍

പത്തനംതിട്ട:മണ്ഡല മകരവിളക്ക് കാലത്ത് ലഭിച്ച നാണയങ്ങള്‍ എണ്ണിത്തീര്‍ക്കല്‍ ദേവസ്വം ജീവനക്കാര്‍ക്ക് കഠിന പ്രയത്‌നമാകുന്നു.ഏകദേശം 30 കോടിയോളം രൂപ ശബരിമല ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നാണയമായി ലഭിച്ചിട്ടുണ്ടെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിഗമനം.നോട്ടും നാണയവുമായി ചേര്‍ന്ന് 119 കോടിയാണ് ഇതുവരെ എണ്ണിയത്. നാണയങ്ങളുടെ മൂന്നില്‍ രണ്ട് കൂമ്പാരം ഇനിയും ബാക്കിയാണ്. നാണയമെണ്ണിത്തീര്‍ക്കാന്‍ യന്ത്രസഹായം വേണമെന്ന് ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം കഴിഞ്ഞ് ഈ മാസം 20 നാണ് ശബരിമല നട അടച്ചത്.

ഈ മാസം 25 ന് ശബരിമലയിലെ വരുമാനത്തിന്റെ കണക്ക് അറിയിക്കണമെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ നാണയം എണ്ണിത്തീരാത്തതിനാല്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍ പറഞ്ഞു.നാണയം എണ്ണിത്തളര്‍ന്ന ജീവനക്കാര്‍ക്ക് ഫെബ്രുവരി അഞ്ചു വരെ ദേവസ്വം ബോര്‍ഡ് അവധി നല്‍കിയിരിക്കുകയാണ്. ഇനി അഞ്ചാം തീയതി നാണയമെണ്ണല്‍ ആരംഭിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. മാസപൂജയ്ക്കായി നട തുറക്കുന്ന ഫെബ്രുവരി 12 നകം എണ്ണല്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

Related Articles

Latest Articles