Tuesday, April 30, 2024
spot_img

കനത്ത മഴ; 6411 പേരെ മാറ്റിപ്പാർപ്പിച്ചു; 221 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതി രൂക്ഷമായതിനെത്തുടർന്ന് ഇതുവരെ 6,411 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പുഴയുടെ ഇരു കരകളിലുമുള്ള ആഴുകളെ ഒഴിപ്പിക്കുന്ന നടപടികൾ തുടരുകയാണ്.

തൃശൂരിൽ അഞ്ചു താലൂക്കുകളിലായി തുറന്ന 51 ദുരിതാശ്വാസ ക്യാംപുകളിൽ ഇതുവരെ 1685 പേരെ മാറ്റിപ്പാർപ്പിച്ചു. ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്ന നടപടികൾ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പത്തനംതിട്ടയിൽ 43 ക്യാംപുകളിലായി 1017 പേരെ മാറ്റിപ്പാർപ്പിച്ചു. കോട്ടയത്ത് 45 ക്യാംപുകളിലായി 1075 ആളുകളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 43 പേരെയും ആലപ്പുഴയിൽ 15 ക്യാംപുകളിലായി 289 പേരെയും ഇടുക്കിയിൽ എട്ടു ക്യാംപുകളിലായി 160 പേരെയും എറണാകുളത്ത് 20 ക്യാംപുകളിലായി 753 പേരെയും മാറ്റിപ്പാർപ്പിച്ചു.

പാലക്കാട് അഞ്ചു ക്യാംപുകളാണ് ഇതുവരെ ആരംഭിച്ചത്. 182 പേർ ക്യാംപുകളിലുണ്ട്. മലപ്പുറത്ത് നാലു ക്യാംപുകളിൽ 66 പേരെയും കോഴിക്കോട് 11 ക്യാംപുകളിൽ 359 പേരെയും വയനാട് 11 ക്യാംപുകളിൽ 512 പേരെയും കണ്ണൂരിൽ നാലു ക്യാംപുകളിലായി 217 പേരെയും കാസർകോഡ് ഒരു ക്യാംപിൽ 53 പേരെയും മാറ്റിപ്പാർപ്പിച്ചു.

ശക്തമായ മഴയിൽ സംസ്ഥാനത്ത് ഇന്നു രണ്ടു വീടുകൾകൂടി പൂർണമായും 39 വീടുകൾ ഭാഗീകമായും തകർന്നു. ഇതോടെ കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് പൂർണമായി തകർന്ന വീടുകളുടെ എണ്ണം 32 ആയി. 237 വീടുകൾ ഭാഗീകമായും തകർന്നു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഓരോ വീടുകളാണ് ഇന്നു പൂർണമായി തകർന്നത്. തിരുവനന്തപുരം – 9, കൊല്ലം – 4, പത്തനംതിട്ട – 9, ആലപ്പുഴ – 2, ഇടുക്കി – 3, എണാകുളം – 6, തൃശൂർ – 2, കോഴിക്കോട് – 2, വയനാട് – 1, കണ്ണൂർ – 1 എന്നിങ്ങനെയാണു വിവിധ ജില്ലകളിൽ ഭാഗീകമായി തകർന്ന വീടുകളുടെ എണ്ണം.

Related Articles

Latest Articles