Saturday, April 27, 2024
spot_img

തുലാമാസപൂജകൾക്ക് ശബരിമല നട തുറക്കാൻ മണിക്കൂറുകൾ മാത്രം, സന്നിധാനത്ത്‌ കനത്ത മഴ; ത്രിവേണി സംഗമത്തിൽ കലിതുള്ളി പമ്പ; ചിത്രങ്ങളും വീഡിയോയും കാണാം

ശബരിമല: തുലാമാസ പൂജയ്‌ക്ക് നട തുറക്കാനിരിക്കെ പമ്പയിലും ശബരിമലയിലും കനത്ത മഴ (Heavy Rain Sabarimala). പലയിടത്തും ശക്തമായ മഴയെ തുടര്‍ന്ന് പമ്പയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. പുഴ കര കവിഞ്ഞ് മണല്‍ത്തിട്ടയിലേക്ക് കയറി ഒഴുകുകയാണ്. പമ്പ അന്നദാന മണ്ഡപത്തിലേക്കും,ഹോട്ടല്‍ കോംപ്ലക്‌സിലേക്കും വെള്ളം കയറി. ത്രിവേണി പാലത്തിനടുത്തായി സൂക്ഷിച്ചിരുന്ന മണല്‍ ചാക്കുകളും കരകയറിയ വെള്ളത്തില്‍ ഒലിച്ചുപോയി. പമ്പയിൽ ജലനിരപ്പ് അനുനിമിഷം ഉയരുന്നത് കൊണ്ട് ശബരിമല തീർത്ഥാടകർക്ക് പമ്പാ സ്നാനം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചു.

അതേസമയം തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ദർശനത്തിന് വെർച്വൽ ക്യു വഴിയാണ് ബുക്കിംഗ് വൈകിട്ട് അഞ്ചിനാണ് നട തുറക്കുക.ഈ മാസം 21വരെയാണ് പൂജകൾ. നാളെ മുതൽ ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, വിശേഷാൽ പൂജകൾ എന്നിവയുണ്ടാകും.പ്രതിദിനം 15,000 പേർക്കാണ് പ്രവേശനം. ഇതിനായി പോലീസിന്റെ വെർച്വൽ ക്യു ബുക്കിംഗ് തുടങ്ങി. 10 വയസ്സിനു താഴെയും 65 വയസ്സിനു മുകളിലുമുള്ളവർക്ക് ഇത്തവണ ദർശനത്തിന് അനുമതിയുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തവർ സർട്ടിഫിക്കറ്റും, അല്ലാത്തവർ ആർടിപിസിആർ സർട്ടിഫിക്കറ്റും കരുതണം. തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണം. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ദർശനം നടത്താൻ അനുവദിക്കുക.

പത്തനംതിട്ടയിൽ കനത്ത നാശനഷ്ടം

പത്തനംതിട്ട നഗരസഭ 18-ാം വാർഡിൽ മൂന്നു വീടുകൾ വെള്ളത്തിന് അടിയിലായി. പന്തളം നൂറനാട് റോഡിൽ തോട്ടിലേക്ക് മറിഞ്ഞ കാറിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. റാന്നി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിലും ഓമല്ലൂർ മൃഗാശുപത്രിയിലും വെള്ളം കയറി. രാവിലെ ജില്ലയിൽ പെയ്തത് റെക്കോഡ് മഴയാണ്. ഏഴു മുതൽ 10 മണിവരെയുള്ള മൂന്നു മണിക്കൂറിനിടെ പെയ്തത് 70 മില്ലീമീറ്റർ മഴയാണ്. പ്രളയ കാലത്തിന് ശേഷം ആദ്യമായാണ് ജില്ലയിൽ ഇത്രയും കനത്ത മഴ രേഖപ്പെടുത്തുന്നത്. എന്നിരുന്നാലും ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ കക്കി -ആനത്തോട് അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അതിനാൽ പ്രളയ ഭീഷണിയില്ല.

മലയാലപ്പുഴയിൽ കണിച്ചേരിക്കുഴിയിൽ ഉരുൾപൊട്ടി. കുമ്പഴ-കോന്നി റോഡിൽ ഇളകൊള്ളൂരിൽ ഇലക്ട്രിക് പോസ്റ്റ് വീണും ജലനിരപ്പുയർന്നും ഗതാഗതം തടസപ്പെട്ടു. നിരവധി വീടുകളിൽ വെള്ളം കയറി. പന്തളം-നൂറനാട് റോഡിൽ കുടശനാടിന് സമീപം നിയന്ത്രണ വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. കാറിനുള്ളിൽ കുടുങ്ങിപ്പോയ മൂന്നു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. സെൻട്രൽ ലോക്കായി പോയ കാറിന്റെ ചില്ല് തകർത്താണ് യാത്രക്കാർ രക്ഷപ്പെട്ടത്. ആർക്കും പരുക്കില്ല. ജില്ലയിൽ എല്ലായിടത്തും കനത്ത മഴ തുടരുകയാണ്. റാന്നി താലൂക്കാശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ വെള്ളം കയറിയതിനെ തുടർന്ന് രോഗികളെ ഒഴിപ്പിച്ചു. വെച്ചൂച്ചിറക്കടുത്തു കൊല്ലമുള ടൗണിൽ വെള്ളംകയറി. വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ വെള്ളംകയറി. പമ്ബ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ആശങ്കാപരമായി ഉയർന്നിട്ടുണ്ട്. അച്ചൻകോവിലാറ്റിലാണ് ഏറ്റവുമധികം ജലനിരപ്പ് ഉയർന്നിട്ടുള്ളത്.

Related Articles

Latest Articles