Friday, May 10, 2024
spot_img

ദേശീയ പതാക എങ്ങനെ എപ്പോൾ ഉപയോഗിക്കണം? ഫ്‌ളാഗ് കോഡിൽ പറയുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: സ്വതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോട്ടിയായി ദേശീയ പതാക ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശവുമായി പൊതുഭരണ വകുപ്പ്. സംസ്ഥാനത്തു ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്‌ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്നു പൊതുഭരണ വകുപ്പ് നിര്‍ദേശം നല്‍കി. കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീന്‍ നിര്‍മ്മിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്.

ദീര്‍ഘ ചതുരാകൃതിയിലാകണം ദേശീയ പതാക. നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം. ആദരവും ബഹുമതി ലഭിക്കത്തക്കവിധമാകണം പതാക സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്. ഒരു കൊടിമരത്തില്‍ മറ്റു പതാകകള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തരുത്. ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റു പതാകകള്‍ സ്ഥാപിക്കരുത്.

വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കു ദേശീയ പതാക എല്ലാ ദിവസും ഉയര്‍ത്താം. വിശേഷ അവസരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയിലും ഉപയോഗിക്കാം. ദേശീയ പതാകയുടെ അന്തസും ബഹുമാനവും നിലനിര്‍ത്തിയാകണം ഇത്. പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചു 2002ലെ ഫ്‌ളാഗ് കോഡ് ക്ലോസ് (xi) ഖണ്ഡിക 2.2 പാര്‍ട്ട് -2ല്‍ 2022 ജൂലൈ 20നു ഭേദഗതി വരുത്തിയിട്ടുണ്ട്. ഫ്‌ളാഗ് കോഡ് സെക്ഷന്‍ -9ന്റെ പാര്‍ട്ട് മൂന്നില്‍ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റു വാഹനങ്ങളില്‍ ദേശീയ പതാക ഉപയോഗിക്കരുതെന്നും ഫ്‌ളാഗ് കോഡില്‍ പറയുന്നു.

Related Articles

Latest Articles