Thursday, May 23, 2024
spot_img

ബൗളിങ്ങിനിടെ വിരലിൽ ക്രീം പുരട്ടിയതിൽ ജഡേജയ്ക്കെതിരെ ഐസിസി നടപടി;
മാച്ച് ഫീസിന്റെ 25 ശതമാനം പിഴയായി ഒടുക്കേണ്ടി വരും

നാഗ്പൂർ : ഇന്ന് സമാപിച്ച ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ ബൗളിങ്ങിനിടെ വിരലിൽ ക്രീം പുരട്ടിയ രവീന്ദ്ര ജഡേജയ്ക്കെതിരെ ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസില്‍ നടപടിയെടുത്തു. ഓൺഫീൽഡ് അംപയർമാരുടെ അനുമതി തേടാതെ ക്രീം ഉപയോഗിച്ചതിനാണു നടപടി. ഇന്ത്യൻ ബൗളർ മുഹമ്മദ് സിറാജിന്റെ കയ്യിൽനിന്ന് ക്രീം വാങ്ങി താരം വിരലിൽ പുരട്ടുന്നതിന്റെ ദൃശ്യങ്ങൾ തൊട്ടു പിന്നാലെ പുറത്തുവന്നിരുന്നു. ഇതോടെ ജഡേജ പന്തിൽ കൃത്രിമം കാണിച്ചെന്ന തരത്തിലുള്ള ആരോപണങ്ങൾ ഓസ്ട്രേലിയൻ ആരാധകർ ഉയർത്തിയിരുന്നു.

ശിക്ഷാനടപടിയുടെ ഭാഗമായി മാച്ച് ഫീസിന്റെ 25 ശതമാനം രവീന്ദ്ര ജഡേജ പിഴയായി അടയ്ക്കേണ്ടിവരും. കൂടാതെ താരത്തിനെതിരെ ഡിമെറിറ്റ് പോയിന്റും വരും. അതേസമയം ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് ജഡേജ ക്രീം ഉപയോഗിച്ചതെന്നു വ്യക്തമായതായും ഐസിസി പ്രസ്താവനയിൽ അറിയിച്ചു. പന്തിൽ കൃത്രിമം കാണിക്കാനല്ല ജഡേജ ക്രീം ഉപയോഗിച്ചതെന്നും ഐസിസി അറിയിച്ചു .

എന്നാൽ സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഔദ്യോഗികമായി പരാതി ഉന്നയിച്ചിരുന്നില്ല. ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ഇന്നിങ്സിനും 132 റൺസിനും വിജയിച്ചപ്പോൾ കളിയിലെ താരമായത് ആൾ റൗണ്ട് പ്രകടനം നടത്തിയ ജഡേജയാണ്. ആദ്യ ഓസിസ് ഇന്നിങ്സിൽ 47 റൺസ് മാത്രം വഴങ്ങി താരം അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ 185 പന്തുകളിൽ നിന്ന് 70 റൺസെടുത്തു. രണ്ടാം ഇന്നിങ്സിൽ 34 റൺസ് വിട്ടുകൊടുത്ത് ഓസ്ട്രേലിയയുടെ രണ്ടു വിക്കറ്റുകളും ജഡേജ പിഴുതു.

Related Articles

Latest Articles