Tuesday, April 30, 2024
spot_img

2019ല്‍ 45 ശതമാനം വോട്ടാണ് BJP നേടിയതെങ്കിൽ ഇനി 2024ല്‍ 50 ശതമാനം കടക്കുമെന്ന് നരേന്ദ്രമോദി !!

ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ യോഗത്തിന് മറുപടിയുമായി നരേന്ദ്രമോദി രംഗത്ത്. ഇന്നലെ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ്രതിപക്ഷ ഐക്യത്തിന് പുത്തൻ പേരുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിനു കലക്കൻ മറുപടിയുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരിക്കുന്നത്. എൻഡിഎ എന്നത് ന്യു ഇന്ത്യ, ഡെവല്പ്‌മെന്റ്, ആസ്പിറേഷൻസ്‌ എന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. അതേസമയം, കാല്‍ നൂറ്റാണ്ട് പിന്നിട്ട NDA സഖ്യം കാലത്തെ അതിജീവിച്ച മുന്നണിയാണെന്നാണ് നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് എൻഡിഎ യോഗത്തിൽ പ്രതിപക്ഷ ഐക്യത്തെ നരേന്ദ്രമോദി കടന്നാക്രമിച്ചത്. എന്‍ഡിഎയിലെ മൂന്നക്ഷരങ്ങളുടെ വിശദാംശങ്ങള്‍ മോദി വിശദീകരിച്ചപ്പോള്‍ സദസ്സില്‍ നിറഞ്ഞ കയ്യടിയായിരുന്നു. കൂടാതെ, മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി മാറുമെന്നും മോദി വ്യക്തമാക്കി.

പ്രാദേശികമായ അഭിലാഷങ്ങള്‍ ചേര്‍ന്നുള്ള ഒരു വലിയ മഴവില്ലാണ് NDA . ബിജെപി ഒരിക്കലും ജനവിധിയെ അവഹേളിച്ചിട്ടില്ലെന്നും ഭരിക്കുന്ന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ സഹായം സ്വീകരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശ രാജ്യങ്ങളിൽ നടത്തിയിട്ടുള്ള ഇന്ത്യാവിരുദ്ധ പ്രസ്താവനകളെ വിമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. പ്രതിപക്ഷത്തായിരുന്നപ്പോഴും നല്ല രാഷ്‌ട്രീയം പറയുകയും പ്രവർത്തിക്കുകയുമാണ് ബിജെപി ചെയ്‌തത്. മുൻ സർക്കാരുകളുടെ കുംഭകോണങ്ങൾ പുറത്തു കൊണ്ടുവന്നിരുന്നുവെങ്കിലും ജനവിധിയെ ചോദ്യം ചെയ്യുകയോ അപമാനിക്കുകയോ ബിജെപി ചെയ്തിട്ടില്ല. ഭരിക്കുന്ന സർക്കാരുകൾക്കെതിരെ വിദേശ ശക്തികളുടെ സഹായം സ്വീകരിച്ചിട്ടുമില്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടിയുള്ള വികസന പദ്ധതികൾക്ക് തടസ്സം സൃഷ്ടിച്ചിട്ടുമില്ല. എൻഡിഎ-യെ സംബന്ധിച്ചിടത്തോളം രാജ്യം, രാജ്യസുരക്ഷ, പുരോഗതി, ജനങ്ങളുടെ ശാക്തീകരണം എന്നിവയ്‌ക്കാണ് പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൂടാതെ, 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നേടിയത് 38 ശതമാനം വോട്ടുകളാണ്. എന്നാല്‍ 2019 എത്തിയപ്പോള്‍ അത് 45 ശതമാനം വോട്ടുകളായി ഉയര്‍ന്നു. ഇനി 2024ല്‍ എന്‍ഡിഎ വോട്ടുകള്‍ 50 ശതമാനം കടക്കുമെന്നും അതിന് കാരണം സഖ്യകക്ഷികളുടെ കഠിനാധ്വാനമാണെന്നും മോദി വ്യക്തമാക്കി. കൂടാതെ, എന്‍ഡിഎ തന്നെയാണ് അടുത്ത തവണയും സര്‍ക്കാരുണ്ടാക്കി അധികാരത്തില്‍ വരികയെന്ന് ലോകനേതാക്കള്‍ക്കെല്ലാം അറിയാം. യുഎസും യുകെയും യുഎഇയും 2024ലെ പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ച് വളരെ കാര്യമായി സംസാരിക്കുന്നുണ്ടെന്നും അവര്‍ക്കെല്ലാം എന്‍ഡിഎ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് അറിയാമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. അതേസമയം, സാധാരണക്കാരുടെ ബുദ്ധിയെ വെല്ലുവിളിക്കുകയാണ് പ്രതിപക്ഷമെന്ന പറഞ്ഞ നരേന്ദ്രമോദി, അവരെയെല്ലാം തമ്മില്‍ ഒട്ടിച്ചുനിര്‍ത്തുന്നത് വെറും സ്വാര്‍ത്ഥലാഭമെന്ന പശയാലാണെന്ന് ജനങ്ങള്‍ക്ക് നല്ലതുപോലെ അറിയാമെന്നും തുറന്നടിച്ചു.

Related Articles

Latest Articles