Thursday, May 2, 2024
spot_img

ഷൂട്ടിങ് നടക്കണമെങ്കിൽ പണം വേണം; കട്ടപ്പന മാര്‍ക്കറ്റില്‍ ധ്യാൻ ശ്രീനിവാസന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തടഞ്ഞ് വ്യാപാരികള്‍

കട്ടപ്പന: ധ്യാൻ ശ്രീനിവാസനെ നായകനാക്കി കട്ടപ്പനയിൽ നടക്കുന്ന സിനിമാ ഷൂട്ടിംഗ് കേരള വ്യാപാരി സമിതിയുടെ നേതാക്കൾ തടഞ്ഞു. മാർക്കറ്റിൽ ചിത്രീകരണം നടന്നാൽ, അത് തങ്ങളുടെ കച്ചവടത്തെ ബാധിക്കുമെന്ന് ആരോപിച്ചായിരുന്നു വ്യാപാരികൾ രംഗത്തെത്തിയത്. ഷൂട്ടിങ് നടക്കണമെങ്കിൽ തങ്ങൾക്ക് പണം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ഒസ്സാന’ എന്ന സിനിമയുടെ ചിത്രീകരണമാണ് കട്ടപ്പനയിൽ നടക്കുന്നത്. രണ്ടു ദിവസം മുൻപ് കട്ടപ്പന നഗരസഭയിൽ നിശ്ചിത തുക അടച്ച് പച്ചക്കറി മാർക്കറ്റിനുള്ളിൽ ഷൂട്ടിംഗ് നടത്താൻ അണിയറപ്രവർത്തകർ അനുമതി വാങ്ങിയിരുന്നു. രാവിലെ പ്രധാന അഭിനേതാക്കളും,യൂണിറ്റംഗങ്ങളും ചിത്രീകരണത്തിനായി മാർക്കറ്റിൽ എത്തി. ഈ സമയം ഒരു വ്യാപാരി സമിതി നേതാക്കളെത്തി ഇവരെ തടഞ്ഞു. 30,000 രൂപ വേണമെന്നാവശ്യപ്പെട്ടായിരുന്നു നടപടി. ഒരു സംഘടന രംഗമാണ് ഇവിടെ ചിത്രീകരിക്കേണ്ടിയിരുന്നത്.

ഷൂട്ടിംഗ് മുടങ്ങിയാൽ വലിയ നഷ്ടമുണ്ടാകുമെന്നതിനാൽ പണം നൽകിയാണ് പ്രശ്നം പരിഹരിച്ചത്. വ്യാപാരി സംഘടന പണം വാങ്ങിയ സാഹചര്യം അന്വേഷിക്കുമെന്ന് നഗരസഭ അധ്യക്ഷ പറഞ്ഞു. എന്നാൽ ചിത്രീകരണവേളയിൽ കച്ചവടത്തെ ബാധിക്കുമെന്നതിനാലാണ് ഷൂട്ടിംഗ് തടഞ്ഞതെന്നാണ് വ്യാപാരി സംഘടന പ്രതിനിധികളുടെ വിശദീകരണം.

Related Articles

Latest Articles