Friday, May 10, 2024
spot_img

ഒരു നേപ്പാൾ ചെറുത്ത് നിൽപ്പ് !ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 231 റൺസ് വിജയലക്ഷ്യം

പല്ലെകെലെ: ഏഷ്യ കപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടായി.നേപ്പാൾ നിരയിൽ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ആസിഫ് ഷെയ്ഖ് അര്‍ധസെഞ്ചുറി നേടി തിളങ്ങി . ശക്തമായ ഇന്ത്യന്‍ ബൗളിങ് നിരയെ നേപ്പാള്‍ ബാറ്റര്‍മാര്‍ നന്നായി നേരിട്ടപ്പോൾ നിരവധി ഫീല്‍ഡിങ് പിഴവുകള്‍ ഇന്ത്യവരുത്തുകയും ചെയ്തു.

അതി ശക്തരായ ഇന്ത്യയ്‌ക്കെതിരെ സ്വപ്ന സമാനമായ തുടക്കമാണ് ഓപ്പണര്‍മാരായ കുശാല്‍ ഭുര്‍ടെലും ആസിഫ് ഷെയ്ഖും ചേര്‍ന്ന് നേപ്പാളിന് നല്‍കിയത്. രണ്ടു പേരെയും പുറത്താക്കാനുള്ള അവസരങ്ങള്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തി. മൂന്ന് നിസാര ക്യാച്ചുകളാണ് ശ്രേയസ് അയ്യര്‍, വിരാട് കോലി, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ എന്നിവര്‍ പാഴാക്കിയത്. ഓപ്പണിങ് സഖ്യം 65 റണ്‍സാണ് നേപ്പാൾ സ്‌കോർ ബോർഡിൽ കൂട്ടിച്ചേര്‍ത്തത്.

25 പന്തില്‍ 38 റണ്‍സെടുത്ത ഭുര്‍ടെലിനെ ശാര്‍ദൂല്‍ ഇഷാന്‍ കിഷന്റെ കൈയ്യിലെത്തിച്ചതോടെയാണ് നേപ്പാളിന് ആദ്യവിക്കറ്റ് നഷ്ടമായത്. ഇതോടെ നേപ്പാള്‍ ബാറ്റിങ് നിരയുടെ താളംതെറ്റി. പിന്നാലെ വന്ന ഭിം ഷാര്‍ക്കി (7), നായകന്‍ രോഹിത് പൗഡെല്‍ (5), കുശാല്‍ മല്ല (2) എന്നിവരെ അതിവേഗത്തില്‍ രവീന്ദ്ര ജഡേജ പുറത്താക്കി.

ഇതിനിടയിൽ ആസിഫ് അര്‍ധസെഞ്ചുറി തികച്ചു. 97 പന്തില്‍ 58 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് വിരാട് കോഹ്ലിയുടെ കൈയ്യിലെത്തി. ഇതോടെ നേപ്പാള്‍ അഞ്ചുവിക്കറ്റിന് 132 റണ്‍സ് എന്ന നിലയിൽ പരുങ്ങലിലായി. 23 റണ്‍സെടുത്ത് കുശാല്‍ ഝാ പിടിച്ചുനിന്നെങ്കിലും താരത്തെയും സിറാജ് പുറത്താക്കി.

ഏഴാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ദീപേന്ദ്ര സിങ് ഐറിയും സോംപാല്‍ കാമിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതോടെ നേപ്പാള്‍ ക്യാമ്പില്‍ പ്രതീക്ഷ പരന്നു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. 37.5 ഓവറില്‍ ടീം സ്‌കോര്‍ 178-ല്‍ നില്‍ക്കേ മഴ എത്തിയതോടെ മത്സരം അരമണിക്കൂറിലധികം സമയം നിര്‍ത്തിവെച്ചു. മത്സരം പുനരാരംഭിച്ചയുടൻ ഐറിയുടെ വിക്കറ്റ് നഷ്ടമായി. 27 റണ്‍സെടുത്ത താരത്തെ ഹാര്‍ദിക് വിക്കറ്റിന് മുന്നില്‍ കുടുക്കി. കാമി 56 പന്തുകളില്‍ നിന്ന് 48 റണ്‍സെടുത്തു.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി

Related Articles

Latest Articles