Monday, April 29, 2024
spot_img

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ ഇന്ത്യൻ അധികൃതർ ഇന്ന് കാണും; മോചനം കാത്ത് 4 മലയാളികളടക്കം 17 ഇന്ത്യക്കാർ

ദില്ലി: ഇറാൻ പിടിച്ചെടുത്ത ഏരീസ് കപ്പലിലെ 17 ഇന്ത്യക്കാരെ ഇന്ത്യൻ അധികൃതർ ഇന്ന് കാണും. കഴിഞ്ഞ ദിവസമാണ് ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ കപ്പലിലെ ഇന്ത്യക്കാരെ കാണാൻ ഇന്ത്യൻ എംബസിക്ക് അനുമതി നൽകിയത്. കപ്പലിലുള്ള 17 ഇന്ത്യക്കാരും സുരക്ഷിതരാണെന്നു കേന്ദ്ര സർക്കാരും കപ്പൽ അധികൃതരും അറിയിച്ചു. കപ്പലിലെ ഇന്ത്യക്കാരിൽ 4 പേർ മലയാളികളാണ്.

സെക്കൻഡ് ഓഫിസർ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കൻഡ് എൻജിനീയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), തേഡ് എൻജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31), ട്രെയ്നിയായ തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) എന്നിവരാണ് എംഎസ്‌സി ഏരീസ് കപ്പലിലെ മലയാളികൾ. ഇവരിൽ സുമേഷും ആനും ശ്യാംനാഥും ആശങ്ക വേണ്ടെന്ന് അറിയിച്ച് വീട്ടുകാരെ വിളിച്ചിരുന്നു.

ഇന്ത്യക്കാരെ ഉടൻ വിട്ടയയ്ക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയുമായുള്ള ഫോൺ ചർച്ചയിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ആവശ്യപ്പെട്ടു. ഇസ്രായേൽ മന്ത്രിയുമായും അദ്ദേഹം സംസാരിച്ചു. ആക്രമണത്തിൽനിന്നു രണ്ടു രാജ്യങ്ങളും പിന്മാറണമെന്നും നയതന്ത്രത്തിന്റെ പാതയിലേക്കു മടങ്ങിവരണമെന്നും ജയശങ്കർ പറഞ്ഞു.

Related Articles

Latest Articles