Tuesday, May 7, 2024
spot_img

‘വരുന്നു ഇലക്ട്രിക് ഹൈവേ’, ആദ്യം ദില്ലി-ജയ്പൂർ; രാജ്യത്ത് വൈദ്യുത ദേശീയപാത നിർമിക്കുകയെന്നതു തന്റെ സ്വപ്നമാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

ദില്ലി: രാജ്യത്തെ ആദ്യ വൈദ്യുത ദേശീയപാത നിർമിക്കുക ഡൽഹിക്കും ജയ്പൂരിനുമിടയിലാവുമെന്ന സൂചന നൽകി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ദില്ലി- ജയ്പൂർ വൈദ്യുത ഹൈവേ നിർമാണത്തിനായി വിദേശ കമ്പനിയുമായി ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി കഴിഞ്ഞു.

മാത്രമല്ല ദില്ലി – ജയ്പൂരിനു പുറമെ നിർദിഷ്ട ദില്ലി-മുംബൈ എക്സ്പ്രസ്‌വേയുടെ ഭാഗം വൈദ്യുത ഹൈവേയാക്കി മാറ്റാനും സ്വീഡനിൽ നിന്നുള്ള കമ്പനിയുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

ദേശീയപാത നിർമാണത്തിനായി വിദേശ നിക്ഷേപം കണ്ടെത്താൻ ശ്രമം നടത്തുമെന്നു ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒപ്പം ഇന്ത്യയിൽ വൈദ്യുത ഹൈവേ നിർമിക്കാനായി യൂറോപ്യൻ യൂണിയനെ ക്ഷണിക്കുകയും ചെയ്തിരുന്നു. ആകെ 22 പുതിയ എക്സ്പ്രസ്‌വേകൾ നിർമിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്; ഇതിൽ ഏഴെണ്ണത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

മാത്രമല്ല ദില്ലിക്കും ജയ്പൂരിനുമിടയിൽ വൈദ്യുത ദേശീയപാത നിർമിക്കുകയെന്നതു തന്റെ സ്വപ്നമാണെന്ന് ഗഡ്കരി വെളിപ്പെടുത്തി. നിലവിൽ ആലോചനാഘട്ടത്തിലുള്ള പദ്ധതിക്കായി വിദേശ കമ്പനിയുമായി ചർച്ചകളും നടക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഗതാഗത മേഖലയിൽ പെട്രോൾ, ഡീസൽ ഉപയോഗം ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുഗതാഗത മേഖലയിലെ ബസ്സുകളെയും ചരക്കു നീക്കത്തിനുള്ള ട്രക്കുകളെയുമൊക്കെ വൈദ്യുത വാഹനങ്ങളാക്കി മാറ്റാനാണു പദ്ധതിയെന്നും ഗഢ്കരി അറിയിച്ചു.

അതേസമയം നിർദിഷ്ട മുംബൈ – ഡൽഹി എക്സ്പ്രസ്സ് വേയുടെ നിർമാണപുരോഗതിയും ഗഡ്കരി വെളിപ്പെടുത്തി; ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാസമയം പകുതിയായി കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിലവിൽ റോഡ് മാർഗമുള്ള മുംബൈ–ഡൽഹി യാത്രയ്ക്ക് 24 മണിക്കൂർ വേണ്ടിവരുന്നത് 12 മണിക്കൂറായി കുറയ്ക്കാൻ ഈ എക്സ്പ്രസ്സ് വേയ്ക്കു സാധിക്കുമെന്നാണു പ്രതീക്ഷ.

അതുപോലെ ദില്ലി – ജയ്പൂർ യാത്ര രണ്ടു മണിക്കൂർ സാധ്യമാക്കാനും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ഗഡ്കരി വെളിപ്പെടുത്തി. ദില്ലിക്കും ജയ്പൂരിനുമിടയിലെ യാത്രാസമയം വരുന്ന മാർച്ചോടെ തന്നെ കുറയ്ക്കാനാവുമെന്നാണു ദേശീയപാത അതോറിട്ടി പ്രതീക്ഷിക്കുന്നത്. നിർമാണം പുരോഗമിക്കുന്ന സോനയിലെ മേൽപ്പാതയും ദില്ലി-മുംബൈ എക്സ്പ്രസ്സ് വേയിലെ സോന-ദൗസ ഭാഗവും പൂർത്തിയാവുന്നതോടെ സിഗ്നലുകൾ ഒഴിവായി യാത്രാവേഗം വർധിക്കുമെന്നാണ് അതോറിട്ടിയുടെ കണക്കുകൂട്ടൽ.

Related Articles

Latest Articles